NEWSROOM

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

പത്തനംതിട്ട, ഇടുക്കി, മലപ്പുറം, ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ (14/05/2025) എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ, എന്നീ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മുന്നറിയിപ്പിൽ പറയുന്നത്.

കേരളാ തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പ്രത്യേക ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരളാ തീരത്ത്‌ 14/05/2025 ന് രാത്രി 11.30 വരെ 0.4 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.


കന്യാകുമാരി തീരത്ത്‌ 14/05/2025 ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കാലവർഷം മെയ് 27ന് എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. സാധാരണയിലും അഞ്ച് ദിവസം നേരത്തെയാണ് കാലവർഷമെത്തുക.

SCROLL FOR NEXT