NEWSROOM

മഴ വരുന്നേ... നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശമുണ്ട്

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. നാളെയും (23/ 09/2024), മറ്റന്നാളും (24/09/2024) വിവിധ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ വീണ്ടും ശക്തമാക്കുന്നത്.

നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ മറ്റന്നാളും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശമുണ്ട്. നാളെയും മറ്റന്നാളും കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

SCROLL FOR NEXT