NEWSROOM

'കഥാപാത്ര സൃഷ്ടി സ്ത്രീകളുടെ അന്തസ്സ് ഹനിക്കാത്ത വിധമാകണം'; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അധിക സത്യവാങ്മൂലം നല്‍കി സംസ്ഥാന വനിതാ കമ്മീഷന്‍

സിനിമാ ലൊക്കേഷനുകളില്‍ നിലവിലുള്ള ഐസിസികള്‍ക്ക് നിയമ സാധുതയില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍

Author : ന്യൂസ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിനെ കക്ഷിചേര്‍ക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ ഹൈക്കോടതിയില്‍. പോഷ് ആക്ടിന്റെ ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് കാര്യക്ഷമമാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടു. സിനിമാ നയരൂപീകരണം മുന്‍നിര്‍ത്തി സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലവുമായി ബന്ധപ്പെട്ടാണ് വനിതാ കമ്മിഷന്റെ നിര്‍ദ്ദേശങ്ങള്‍.

സിനിമാ സംഘടനകള്‍ രൂപീകരിച്ച ആഭ്യന്തര പരാതിപരിഹാര സമിതികളില്‍ പലതും നിയമപരമല്ലെന്ന് വനിതാ കമ്മിഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നത്. കേന്ദ്ര വ്യവസ്ഥകളിലെ വൈരുധ്യം കാരണം സംസ്ഥാന സര്‍ക്കാരിന് ഇനിയും പോഷ് ആക്ടിന് അനുസൃതമായ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാനായിട്ടില്ല.


കേരള ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട് ലിംഗനീതി പരിശീലനം നല്‍കുമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ വനിതാ കമ്മിഷന്‍ സ്വാഗതം ചെയ്തു. വനിതകള്‍ക്ക് സിനിമാ സാങ്കേതിക പ്രവര്‍ത്തനങ്ങളില്‍ തൊഴിലധിഷ്ഠിത പരിശീലനം നല്‍കുമെന്ന പ്രഖ്യാപനവും സ്വാഗതാര്‍ഹമാണ്.

പ്രൊഡക്ഷന്‍ ജോലികളില്‍ ഇത്തരത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതകള്‍ക്ക് മുന്‍ഗണന നല്‍കണം. ഫിലിം സര്‍ട്ടിഫിക്കേഷന് ഈ വ്യവസ്ഥ നിര്‍ബന്ധമാക്കണം. കഥാപാത്ര സൃഷ്ടി സ്ത്രീകളുടെ അന്തസ്സ് ഹനിക്കാത്ത വിധമാകണം. ഇതിനെ ഭരണഘടനയില്‍ പറയുന്ന മൗലികാവകാശവുമായി ബന്ധപ്പെടുത്തണമെന്നുമാണ് വനിതാ കമ്മിഷന്റെ ആവശ്യം.

SCROLL FOR NEXT