KERALA

നോവായി അവൾ മടങ്ങുന്നു, പുതുജീവനേകുന്നത് അഞ്ചുപേർക്ക്; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം

അമൃത ആശുപത്രിയുടെ KL 07 DF 3177നമ്പറിലുള്ള ആംബുലൻസിലാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചത്

Author : ശാലിനി രഘുനന്ദനൻ

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിൻ എബ്രഹാം ഇനി 5 പേരിലൂടെ ജീവിക്കും. 10 മാസമുള്ള മകളുടെ അവയവങ്ങള്‍ എറണാകുളം അമൃത ആശുപത്രിയിൽ അച്ഛൻ അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണുമാണ് ദാനം ചെയ്തത്. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്ത് എത്തി.

അമൃത ആശുപത്രിയുടെ KL 07 DF 3177നമ്പറിലുള്ള ആംബുലൻസിലാണ് അവയവങ്ങൾ എത്തിച്ചത്. ശസ്ത്രക്രിയ പൂർത്തിയായതിനു പിറകേ, ഏഴുമണിക്ക് ശേഷമാണ് അവയവങ്ങളുമായി ആംബുലൻസ് റോഡ് മാർഗം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിരുന്നു. അമൃതയിൽ നിന്ന് കുന്നുംപുറം ഇടപ്പള്ളി വൈറ്റില വഴി കുണ്ടന്നൂർ. അവിടെ നിന്ന് നിന്ന് ഇടത്തെടുത്ത് മിനി ബൈപ്പാസ് വഴി തൃപ്പൂണിത്തുറ പുത്തൻകാവ് ഏറ്റുമാനൂർ കോട്ടയം വഴിയാണ് തിരുവനന്തപുരം എത്തിച്ചേർന്നത്.

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 6 മാസം പ്രായമുള്ള ഒരു കുഞ്ഞിനാണ് കരൾ നൽകുന്നത്. സംസ്ഥാനത്ത് മരണാനാന്തര അവയവദാനത്തിലൂടെ കരൾ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് അത്. തീവ്ര ദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. ആ കുടുംബത്തിന്‍റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.

കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്ക് നല്‍കും. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങൾ അമൃത ആശുപത്രിയിലേക്കുമാണ് നൽകിയത്.

എറണാകുളം അമൃത ആശുപത്രിയിൽ നിന്ന് വൈകീട്ട് രണ്ട് വൃക്കകൾ, കരൾ, ഹൃദയവാൽവ് എന്നിവ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ശ്രീ ചിത്രയിലേക്കുമാണ് എത്തിക്കുന്നത്. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാനത്തിന്റെ ഏകോപനം നടന്നത്. ആഭ്യന്തര വകുപ്പിൻ്റെ സഹകരണവും ഉണ്ടായിരുന്നു.

ഫെബ്രുവരി അഞ്ചാം തീയതി ഉച്ചയ്ക്ക് 2.30 മണിക്ക് റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള മകള്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എം.സി. റോഡ് വഴി കാറിൽ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോർമ കവല ജംഗ്ഷന് സമീപം എതിർദിശയിൽ നിന്നുവന്ന കാർ വാഹനത്തിലേക്ക് ഇടിച്ചുകയറി അപകടം സംഭവിക്കുകയായിരുന്നു.

കുട്ടിയ്ക്ക് ഗുരുതമായി പരിക്കേൽക്കുകയും കൂടെയുണ്ടായിരുന്ന കുട്ടിയുടെ അമ്മയ്ക്കും മാതാവിന്റെ മാതാപിതാക്കൾക്കും സാരമായ പരിക്കുകൾ സംഭവിക്കുകയും ചെയ്തു. അപകടം നടന്ന ഉടൻ തന്നെ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഫെബ്രുവരി 13ന് കുട്ടിയ്ക്ക് മസ്തിഷ്ക മരണം സംഭവിക്കുകയും കുട്ടിയുടെ കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം നൽകുകയും ചെയ്തു.

SCROLL FOR NEXT