KERALA

കാരശ്ശേരി പഞ്ചായത്തിൽ വോട്ടർ പട്ടികയിൽ നിന്ന് 116 വോട്ടർമാർ പുറത്ത്; പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ വോട്ടുകളും പുറത്ത്

വോട്ടർമാർ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ശരിയായിക്കോളും എന്ന മറുപടിയാണ് ലഭിച്ചത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കാരശ്ശേരിയിലെ ഒരു വാർഡിൽ 100ലധികം പേർ വോട്ടർ പട്ടികയിൽ നിന്നും പുറത്തായതായി ആരോപണം. കാരശ്ശേരി പഞ്ചായത്തിലെ പതിമൂന്നാം വാർഡായ നെല്ലിക്കപറമ്പിലാണ് സംഭവം. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വോട്ടുകൾ ഉൾപ്പെടെ പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ട്.

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ സമർപ്പിക്കുകയും ഹിയറിങ് പൂർത്തീകരിക്കുകയും ചെയ്ത 116 പേരാണ് ഒറ്റയടിക്ക് വോട്ടർ പട്ടികയിൽ നിന്നും പുറത്തായത്. പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയ പാർട്ടിയിലും ഉള്ള ആളുകളുടെ വോട്ടുകൾ അടക്കം പുതിയ ലിസ്റ്റിൽ നിന്നും പുറത്താണ്. വോട്ടർമാർ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ശരിയായിക്കോളും എന്ന മറുപടിയാണ് ലഭിച്ചത്. ഒരാഴ്ച കഴിഞ്ഞിട്ടും പേര് വരാത്തതിനെത്തുടർന്ന് അധികൃതരെ സമീപിച്ചെങ്കിലും പഴയ മറുപടി തന്നെയാണ് ലഭിച്ചത്.

സംഭവത്തിൽ തദ്ദേശസ്വയംഭരണ ജില്ലാ ജോയിന്റ് ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും പഞ്ചായത്തിൽ നിന്നും വോട്ടർ പട്ടികയിൽ പേരില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നാണ് ലഭിച്ച മറുപടി. ഹിയറിങ് നടത്തിയതായുള്ള രേഖയും ഡയറക്ടർ ഓഫീസിൽ നിന്ന് ആവശ്യപ്പെട്ടതായി പരാതിക്കാർ പറയുന്നു. പഞ്ചായത്തിൽ നിന്ന് എന്തുകൊണ്ട് വോട്ട് നിരസിച്ചെന്നുള്ള റിപ്പോർട്ട് കിട്ടിയാൽ വീണ്ടും തദ്ദേശസ്വയംഭരണ ജില്ലാ ജോയിന്റ് ഡയറക്ടറെ കാണാനാണ് പരാതിക്കാരുടെ തീരുമാനം.

SCROLL FOR NEXT