പ്രിയദർശിനി യാത്രാ പദ്ധതി നൂറ് ദിവസം പൂർത്തിയാക്കുന്നതിന്റെ ആഘോഷത്തിലാണ് കെഎസ്ആർടിസി. എല്ലാ ഡിപ്പോകളിലും ഇന്ന് മധുര വിതരണം നടത്തും. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ ഗതാഗതമന്ത്രി നേരിട്ടെത്തി ആഘോഷത്തിൽ പങ്കുചേരും. സൗജന്യ യാത്രാ പദ്ധതി നിന്നുപോകില്ലെന്നും കൂടുതൽ ബസ്സുകൾ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായും മന്ത്രി സി.പി. ജോൺ പറഞ്ഞു.
ജൂൺ 15നാണ് യുഡിഎഫിന്റെ തെരഞ്ഞടുപ്പ് വാഗ്ദാനമായ പ്രിയദർശിനി സൗജന്യയാത്ര പദ്ധതി നടപ്പാക്കിയത്. പദ്ധതിയെ സ്ത്രീകൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. സ്ത്രീയാത്രക്കാരുടെ എണ്ണത്തിൽ 60 ശതമാനം വർധന ഉണ്ടായെന്നാണ് കണക്ക്. ജൂൺ 15 മുതൽ സെപ്തംബർ 19 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 12.54 കോടി സൗജന്യ യാത്രകൾ നടന്നു. 266.53 കോടി രൂപയുടെ സൗജന്യ ടിക്കറ്റുകൾ യാത്രക്കാർക്ക് നൽകി. ആദ്യ ആഴ്ചയിൽ 11.08 ലക്ഷമായിരുന്ന പ്രതിദിന യാത്രക്കാർ 100 ദിനമടുക്കുമ്പോൾ 13.93 ലക്ഷമായി ഉയർന്നുവെന്നാണ് കെഎസ് ആർടിസിയുടെ കണക്ക്. പ്രതിദിന ടിക്കറ്റ് മൂല്യം 2.34 കോടിയിൽ നിന്നും 2.95 കോടിയായി വർധിച്ചു. എന്നാൽ പ്രിയർദർശിനി ബസ്സുകളിലെ തിരക്ക് പലയിടത്തും വെല്ലുവിളിയായി. കൂടുതൽ ബസ്സുകൾ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, അപ്പോൾ തിരക്കിന് പരിഹാരമാകുമെന്നും ഗതാഗതമന്ത്രി സി.പി. ജോൺ പറഞ്ഞു..
അതേസമയം, തിരക്ക് ഒഴിവാക്കാനുള്ള നിർദേശമായി സൗജന്യ യാത്ര അർഹതപ്പെട്ടവർക്ക് മാത്രമായി ചുരുക്കണമെന്ന ആവശ്യം ജനങ്ങള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്.
പരിമിതമായ ഓർഡിനറി സർവീസ് ഉപയോഗിച്ചാണ് സൗജന്യ യാത്ര നടത്തുന്നതെന്ന് കെഎസ്ആർടിസി ഇടതുപക്ഷ തൊഴിലാളി യൂണിയനായ കെഎസ്ആർടിഇഎ കുറ്റപ്പെടുത്തി. സൗജന്യ യാത്ര ആരംഭിക്കുമ്പോൾ 3125 ഓർഡിനറി സർവീസുകൾ ഉണ്ടായിരുന്നത് ഇപ്പോൾ 2600 ആയി കുറഞ്ഞെന്നാണ് ആക്ഷേപം. ബസ്സുകളുടെ കുറവ് പരിഹരിക്കാൻ പ്ലാൻഫണ്ടിൽ നിന്നും 200 ഓളം ബസ്സുകൾ വാങ്ങാനാണ് ശ്രമം. കൂടാതെ എംഎൽഎമാരുടെ ഫണ്ടിൽ നിന്നും 200 ബസ്സുകൾ വരെ കെഎസ്ആർടിസി പ്രതീക്ഷിക്കുന്നുണ്ട്.