KERALA

പ്രായപൂര്‍ത്തിയായ ആണ്‍കുട്ടിയെ രണ്ട് വര്‍ഷത്തിനിടെ പീഡിപ്പിച്ചത് നിരവധി പേര്‍; കേസിൽ കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ്

പയ്യന്നൂര്‍, കോഴിക്കോട് കസബ, കൊച്ചി എളമക്കര, സ്റ്റേഷനുകളിലെ കേസുകളിലെ പ്രതികളെയാണ് ഇനി കണ്ടെത്തേണ്ടത്.

Author : ന്യൂസ് ഡെസ്ക്

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ്. രണ്ടു വര്‍ഷത്തിനിടെ നിരവധിപേര്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഏജന്റ് മുഖേനയാണ് പീഡനം നടന്നതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഓണ്‍ലൈന്‍ ആപ്പിലൂടെ പരിചയപ്പെട്ട 16 കാരനെ പീഡിപ്പിച്ച സംഭവത്തില്‍ നിലവില്‍ 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ എട്ടെണ്ണം കാസര്‍ഗോഡ് ജില്ലയിലും മറ്റുള്ളവ കണ്ണൂര്‍,കോഴിക്കോട്, എറണാകുളം ജില്ലകളിലുമാണ്. ആകെയുള്ള 16 പ്രതികളില്‍ 9 പേരെ പിടികൂടി റിമാന്‍ഡ് ചെയ്തു. ഒരാള്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. ശേഷിക്കുന്ന ആറുപേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

പയ്യന്നൂര്‍, കോഴിക്കോട് കസബ, കൊച്ചി എളമക്കര, സ്റ്റേഷനുകളിലെ കേസുകളിലെ പ്രതികളെയാണ് ഇനി കണ്ടെത്തേണ്ടത്. എന്നാല്‍ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പീഡനത്തിന് ഇരയായ കുട്ടിയുടെ മൊബൈലില്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ ആളുകളുമായി ചാറ്റ് ചെയ്തിട്ടുണ്ടെന്നും പലരുമായും പണമിടപാട് നടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയത്.

2024 ല്‍ ഏജന്റ് എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് ആദ്യമായി 16 കാരനെ മെസ്സേജ് ലഭിക്കുന്നത്. തുടര്‍ന്നാണ് പീഡനത്തിന് ഇരയാകുന്നത്. പിന്നീട് ഇയാളുടെ സഹായത്തോടെയാണ് മറ്റുള്ളവര്‍ ആണ്‍കുട്ടിയിലേക്ക് എത്തിയത്. ഇയാള്‍ക്ക് ഇതിന് കമ്മീഷന്‍ ലഭിച്ചതായും വിവരമുണ്ട്. മൊബൈല്‍ വിശദമായി പരിശോധിച്ചാല്‍ മാത്രമേ ആരൊക്കെ പീഡിപ്പിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ വ്യക്തത വരൂ.

കുട്ടി കൃത്യമായി കാര്യങ്ങള്‍ പറയാത്തത് അന്വേഷണത്തിന് തടസ്സമാകുന്നുണ്ട്. ആദ്യദിവസം ചൈല്‍ഡ് ലൈനിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ ഒരിക്കല്‍ കൂടി ആണ്‍കുട്ടിയുടെ മൊഴിയെടുക്കുന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനുശേഷമാകും കൂടുതല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

SCROLL FOR NEXT