തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ന്യൂസ് മലയാളത്തിന്. ലൈംഗിക ചുഷണത്തിന് ഇരയായ പതിനാറുകാരിയെ സ്പാ നടത്തിപ്പുകാർക്ക് വിറ്റത് അഞ്ച് ലക്ഷം രൂപയ്ക്ക് എന്ന് ബാങ്ക് രേഖകൾ. പെൺകുട്ടിയുടെ ഇളയമ്മയുടെ ഭർത്താവിന്റെ ബാങ്ക് രേഖയിൽ നിന്നാണ് എസ്ഐടിക്ക് നിർണായക വിവരം കിട്ടിയത്. കേസിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന് കൂടുതൽ സ്പാകളിൽ പങ്കാളിത്തമുണ്ടെന്നും എസ്ഐടി കണ്ടെത്തി. കോവളത്തെ ഹീലിങ് ഹാൻഡ്സ് എന്ന സ്ഥാപനത്തിലും അനുരൂപിന് ഓഹരി ഉണ്ടെന്നാണ് കണ്ടെത്തൽ.
അതേസമയം, അനുരൂപിന്റെ അടുത്ത സുഹൃത്തും കേസിലെ പ്രതിയുമായ ഹെൽത്ത് ഇൻസ്പെക്ടർ മായയെ കഴിഞ്ഞ ദിവസം ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. അറസ്റ്റ് വിവരം പൊലീസ് രേഖാമൂലം അറിയിച്ചതോടെയാണ് പഞ്ചായത്തിന്റെ തീരുമാനം. സ്പാ നടത്തിപ്പിൽ മായയ്ക്ക് നിർണായക പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. നഗരൂർ ആരോഗ്യകേന്ദ്രത്തിലെ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറാണ് വി. മായ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
ഒരുവർഷമായി മായയും അനുരൂപും സൗഹൃദത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അനുരൂപിന്റെ ഫോണിൽനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് മായയെ അറസ്റ്റ് ചെയ്തത്. സ്പാ നടത്തിപ്പുകാരിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് മായയുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത ആന്ധ്ര സ്വദേശിനിയായ പെൺകുട്ടിയെ സ്പായിലെത്തിച്ച അമ്മയുടെ സഹോദരിയും ഇവരോടൊപ്പം താമസിച്ചിരുന്ന യുവാവിനെയും ആന്ധ്രയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. സ്പാ നടത്തിപ്പുകാരായ സജിത്ത് കുമാർ (47), നിഷാന്ത് (46) എന്നിവരും കേസിൽ അറസ്റ്റിലായിട്ടുണ്ട്. സെപ്റ്റംബർ 21ന് പെൺകുട്ടിയെ കാണാനില്ലെന്ന് ഇളയമ്മ നൽകിയ പരാതിയിലാണ് കോവളം പൊലീസ് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരിയുടെ ഫോണിൽ നിന്ന് കണ്ടെത്തിയ രണ്ട് ആധാർ കാർഡുകളിൽ ഒന്നിൽ പ്രായം 20 എന്നും മറ്റൊന്നിൽ 16 എന്നും രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് പൊലീസിന് സംശയം തോന്നിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് പെൺകുട്ടി സ്പായിൽ ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം പുറത്തുവന്നത്. കേസിൽ അറസ്റ്റിലായവർ എല്ലാവരും റിമാൻഡിലാണ്. അനുരൂപിനെ നവംബർ രണ്ടിന് കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ നീക്കം.