KERALA

വയനാടിന് എംപിയുടെ പുതുവത്സര സമ്മാനം; കലണ്ടർ പുറത്തിറക്കി പ്രിയങ്കാ ഗാന്ധി

കരുളായിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ സഹോദരൻ അയ്യപ്പന്റെ കൈ പിടിച്ച് നിലമ്പൂർ ചോലനായ്ക്കർ ഉന്നതിയിൽ നടക്കുന്ന ചിത്രമാണ് ഫെബ്രുവരി മാസത്തേത്.

Author : ന്യൂസ് ഡെസ്ക്

കല്പറ്റ: വയനാടിനെ പ്രമേയമാക്കി പ്രിയങ്കാ ഗാന്ധി എംപിയുടെ പുതുവത്സര സമ്മാനമായി കലണ്ടർ പുറത്തിറക്കി. എംപി ആയതിനു ശേഷം പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രിയങ്ക ഗാന്ധി എംപി. നടത്തിയ തുലാഭാരം വഴിപാടിന്റെ ചിത്രമാണ് ജനുവരി മാസത്തിന്റെ മുഖചിത്രം.

കരുളായിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ സഹോദരൻ അയ്യപ്പന്റെ കൈ പിടിച്ച് നിലമ്പൂർ ചോലനായ്ക്കർ ഉന്നതിയിൽ നടക്കുന്ന ചിത്രമാണ് ഫെബ്രുവരി മാസത്തേത്. നൂൽപ്പുഴയിൽ കുടുംബശ്രീ സംരംഭമായ വനദുർഗ മുള ഉത്പന്ന കേന്ദ്രത്തിൽ സരസ്വതി കൊട്ട നെയ്യുന്നത് കൗതുകത്തോടെ നോക്കി പഠിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രവും ചെറുവയൽ രാമനോടൊപ്പം കൃഷിയിടത്തിൽ നടക്കുന്ന ചിത്രവുമെല്ലാം ഓരോ മാസത്തിലെ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കല്പറ്റ ഹ്യൂം സെന്ററിൽ മേപ്പാടി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആശയവിനിമയം നടത്തിയപ്പോഴുള്ള ചിത്രവും മുത്തങ്ങ വന്യമൃഗ സങ്കേതത്തിൽ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ആർ. ആർ. ടി. സംഘവുമായി ആശയവിനിമയം നടത്തിയ ശേഷം ആനയ്ക്ക് ഭക്ഷണം നൽകുന്ന ചിത്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

വണ്ടൂരിൽ വച്ച് നടന്ന പാർലമെന്റ് തല ഉദ്ഘാടനം കെപിസിസി വർക്കിംഗ് പ്രസിഡണ്ട് എപി അനിൽകുമാർ എം.എൽ.എ. നിർവഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, ഷൈജൽ എടപ്പറ്റ, കെ സി കുഞ്ഞുമുഹമ്മദ്, എൻ എ മുബാറക്ക്, വി സുധാകരൻ, ഗോപാലകൃഷ്ണൻ, ജബീബ് സക്കീർ,പി ഉണ്ണികൃഷ്ണൻ, കെ ടി ഷംസുദ്ദീൻ, ഷഫീർ എം, കാപ്പിൽ മുരളി, പി പി അബ്ദുൽ റസാഖ്, അമൃത ടീച്ചർ, സഫീർ ജാൻ, എം കെ മുസ്തഫ തുടങ്ങി ത്രിതല പഞ്ചായത്ത് മെമ്പർമാരും യു ഡി എഫ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

SCROLL FOR NEXT