റാന്നിയിൽ 214 കുടുംബങ്ങൾക്ക് പട്ടയമില്ല 
KERALA

പട്ടയം കാത്ത് റാന്നിയിൽ 214 കുടുംബങ്ങൾ; മതിയായ രേഖകളില്ലെന്ന് ജില്ലാഭരണകൂടം

കർഷകരുടെ കൈവശം മതിയായ രേഖകളില്ലാത്തതിനാൽ കേന്ദ്ര അനുമതി വേണമെന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ നിലപാട്.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: റാന്നിയിൽ വർഷങ്ങളായി പട്ടയത്തിനായി കാത്തിരിക്കുകയാണ് 214 കുടുംബങ്ങൾ. പട്ടയം നൽകാൻ ഹൈക്കോടതി നിർദേശം ഉണ്ടെങ്കിലും നിയമ തടസങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർ റിപ്പോർട്ട് നൽകി.

കർഷകരുടെ കൈവശം മതിയായ രേഖകളില്ലാത്തതിനാൽ കേന്ദ്ര അനുമതി വേണമെന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ നിലപാട്. സ്വാതന്ത്ര്യലബ്ധിക്ക് മുൻപ് തന്നെ ഇവിടെയെത്തി താമസം ആരംഭിച്ചവരുടെ പിന്മുറക്കാരായ 214 കുടുംബങ്ങളാണ് അത്തിക്കയം തെക്കേത്തൊടിയിൽ പട്ടയത്തിനായി ഇപ്പോഴും കാത്തിരിക്കുന്നത്.

2024ൽ ഇവർക്ക് പട്ടയം നൽകണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാൽ രണ്ടു വർഷത്തിനപ്പുറവും പട്ടയം ലഭിച്ചില്ല. ഇതോടെ ഹൈക്കോടതി നിർദേശം പാലിക്കുന്നില്ലെന്ന് കാട്ടി കോടതി അലക്ഷ്യ ഹർജി സമർപ്പിച്ചു. ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ചോദിച്ചതോടെ ഇവരുടെ പക്കൽ രേഖകൾ ഒന്നുമില്ലെന്ന് ജില്ലാ കളക്ടർ റിപ്പോർട്ട് നൽകി. ഇതോടെ പട്ടയം ലഭിക്കാനുള്ള സാധ്യതയും ഇല്ലാതായി.

എട്ടു പതിറ്റാണ്ടായി ഭൂമിയിൽ കഴിയുന്നതിൻ്റെ രേഖകൾ കൈവശമുണ്ടെന്നാണ് കർഷകർ പറയുന്നത്. പട്ടയം ലഭിക്കാത്തതിനാൽ പ്രദേശവാസികൾ നേരിടുന്നത് വലിയ ബുദ്ധിമുട്ടാണ്. റവന്യൂ ഭൂമിക്ക് പട്ടയം നൽകാൻ സംസ്ഥാന സർക്കാരിന് കേന്ദ്ര അനുമതിയുടെ ആവശ്യമില്ല.

വിഷയം കൈകാര്യം ചെയ്യാൻ റാന്നി തഹസിൽദാരെ നോഡൽ ഓഫീസറായി നിയമിച്ചിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ വിശദീകരണം. കേന്ദ്രസർക്കാരിൻ്റെ പര്യവേഷ പോർട്ടലിൽ വിവരങ്ങൾ ചേർക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. കേന്ദ്ര അനുമതി ലഭിച്ചാൽ പട്ടയം നൽകാമെന്നാണ് വിശദീകരണം.

SCROLL FOR NEXT