Source: News Malayalam 24x7
KERALA

വടകരയിൽ കാണാതായ 25കാരനെ കണ്ടെത്തി; കണ്ടെത്തിയത് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന്

വിഷ്ണുവിനെ ഉടൻ വടകര പൊലീസ് സ്റ്റേഷനിലെത്തിക്കും...

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: വടകരയിൽ ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ 25കാരനെ കണ്ടെത്തി. ആയഞ്ചേരി സ്വദേശി വിഷ്ണുവിനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്. വിഷ്ണുവിന്റെ ബന്ധു വിഷ്ണുവിനെ നേരിൽ കണ്ട് സംസാരിച്ചു. നേത്രാവതി എക്സ്പ്രസിലെ സഹയാത്രക്കാരൻ്റെ ഫോണിൽ നിന്ന് സഹോദരനെയും വിളിച്ച് സംസാരിച്ചു. വിഷ്ണുവിനെ ഉടൻ വടകര പൊലീസ് സ്റ്റേഷനിലെത്തിക്കും. കാണാതായി എട്ടാം ദിവസമാണ് വിഷ്ണുവിനെ കണ്ടെത്തുന്നത്.

വിഷ്ണു കൂട്ടുകാരനൊപ്പം വടകര ബസ് സ്റ്റാൻഡിൽ നടന്ന് പോകുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. വിഷ്ണു ലോൺ ആപ്പ് ഭീഷണി നേരിട്ടിരുന്നുവെന്ന് അടിവരയിടുന്ന തെളിവുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലോൺ ആപ്പ് ഭീഷണിയെ കുറിച്ച് സഹോദരന് അയച്ച സന്ദേശങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. തൻ്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചെന്നും വിഷ്ണു ചാറ്റിൽ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ഏപ്രിൽ 13 തിങ്കളാഴ്ചയാണ് അയഞ്ചേരി സ്വദേശി വിഷ്ണുവിനെ കാണാതാകുന്നത്. വീട്ടിൽ നിന്നും ബാങ്കിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടിൽ നിന്നും പോയത്. താൻ കോഴിക്കോട്ടേക്ക് പോകുന്നു എന്നാണ് വീട്ടുകാരോട് അവസാനമായി പറഞ്ഞത്. അല്പം താമസിച്ചാണെങ്കിലും വീട്ടിലേക്കെത്തുമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. പിന്നീട് വിഷ്ണുവിന്റെ ഫോൺ ഓഫ്‌ ആവുകയായിരുന്നു. അതിന് ശേഷം വിഷ്ണുവിൽ നിന്ന് സന്ദേശം ഒന്നും തന്നെ കുടുംബത്തിന് ലഭിച്ചിരുന്നില്ല.

SCROLL FOR NEXT