Source: Instagram
KERALA

'ഇൻസോമ്നിയ പരിപാടിയുടെ പേരിൽ 35 ലക്ഷം തട്ടിയെടുത്തു'; മെൻ്റലിസ്റ്റ് ആദിക്കെതിരെ കേസ്

കൊച്ചി സ്വദേശിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഇൻസോമ്നിയ എന്ന പരിപാടിയുടെ പേരിൽ പണം വാങ്ങി വഞ്ചിച്ചു എന്ന പരാതിയിൽ മെൻ്റലിസ്റ്റ് ആദിക്കെതിരെ കേസ്. 35 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. കൊച്ചി സ്വദേശിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

മെൻ്റലിസ്റ്റ് ആദിക്കും മറ്റ് മൂന്നു പേർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇൻസോമ്നിയ പരിപാടിയുടെ പേരിൽ പരാതിക്കാരനിൽ നിന്നും രണ്ട് ഘട്ടമായി പണം വാങ്ങുകയായിരുന്നുവെന്നാണ് പരാതിയിൽ. പരിപാടിയിൽ നിക്ഷേപിച്ചാൽ ആ പരിപാടിയുടെ ലാഭവിഹിതത്തിൽ മൂന്നിലൊരു ശതമാനവും നിക്ഷേപത്തുകയും തിരികെ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പണം വാങ്ങിയതെന്നും പരാതിയിൽ പറയുന്നു. ആദ്യ ഗഡുവായി 23 ലക്ഷം രൂപയും രണ്ടാമതായി 12 ലക്ഷം രൂപയും നൽകിയതായും പരാതിയിലുണ്ട്.

കേസിൽ ഒന്നാം പ്രതിയാണ് ആദി. കണ്ണൂരിലുള്ള പരാതിക്കാരൻ്റെ അക്കൗണ്ടിൽ നിന്നും ഇടപ്പള്ളിയിലുള്ള അക്കൗണ്ടിലേക്കാണ് രണ്ട് ഘട്ടമായി പണം അയച്ചതെന്നും പരാതിയിൽ വിശദീകരിക്കുന്നു. ലാഭവിഹിതമോ നിക്ഷേപത്തുകയോ തിരികെ ലഭിക്കാതെ വന്നതിന് പിന്നാലെയാണ് പരാതിക്കാരൻ ആദിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

SCROLL FOR NEXT