കൊല്ലം: ഷാർജയിൽ മരിച്ചനിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ റീ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ നിർണായക വിവരങ്ങള്‍. അതുല്യയുടെ ശരീരത്തിൽ 46 മുറിവുകളാണുണ്ടായിരുന്നത്. മുറിവുകളിൽ പലതും മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പുള്ളതാണെന്നും റിപ്പോർട്ടില്‍ പറയുന്നു.
റീ പോസ്റ്റ്‌മോർട്ടത്തില്‍ രണ്ട് ആഴ്ച പഴക്കമുള്ള മുറിവുകളും ശരീരത്തില്‍ കണ്ടെത്തി. തലയിൽ പ്ലേറ്റ് വച്ച് അടിച്ച മുറിവുമുണ്ട്. കഴുത്ത് ഞെരിഞ്ഞായിരുന്നു മരണം എന്നാണ് കണ്ടെത്തല്‍.
ഭർത്താവ് സതീഷില്‍ നിന്ന് അതുല്യ അനുഭവിച്ച ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മരണത്തിന് ദിവസങ്ങൾക്ക് മുൻപ് ചിത്രീകരിച്ച ദ്യശ്യങ്ങളാണ് ഇതെന്നാണ് കുടുബം അവകാശപ്പെടുന്നത്. പത്ത് വർഷം പീഡനം സഹിച്ചെന്ന് അതുല്യ പറയുന്നതും കൊലപ്പെടുത്തുമെന്ന് സതീഷ് ഭീഷണി മുഴക്കുന്നതും ദൃശ്യങ്ങളിൽ കേള്‍ക്കാം.
ഇക്കഴിഞ്ഞ ജൂലൈ 19നാണ് ഷാർജയിൽ ഭർത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് സതീഷിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, അതുല്യയുടേത് കൊലപാതകമാണെന്നതിന് നിലവിൽ തെളിവുകൾ ഇല്ലെന്നും ദുബായ് പൊലീസ് സതീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കൊല്ലം ജില്ലാ കോടതി സതീഷിന് മുൻകൂർ ജാമ്യം അനുവദിച്ചു.
അതേസമയം, അതുല്യയുടെ മരണം കൊലപാതകമാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. ക്രൂരപീഡനത്തിൻ്റെ ദൃശ്യങ്ങൾ തെളിവായി കോടതിയിൽ ഹാജരാക്കിയെങ്കിലും, ഇവ പഴയ ദൃശ്യങ്ങളാണെന്നാണ് പ്രതിഭാഗം വാദിക്കുന്നത്. ചിത്രങ്ങളുടെ ആധികാരികത തെളിയിക്കുന്ന ഫോറൻസിക് റിപ്പോർട്ട് ഹാജരാക്കാനാണ് കോടതി പ്രോസിക്യൂഷന് നല്‍കിയിരിക്കുന്ന നിർദേശം. കേസ് എട്ടിന് കോടതി പരിഗണിക്കും.