തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണക്കാരുടെ പ്രധാന ആശ്രയമായിരുന്ന ജനകീയ ഹോട്ടലുകൾ ഇന്ന് കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ ആറ് വർഷത്തിനിടെ 543 ജനകീയ ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്. സര്‍ക്കാര്‍ സബ്സിഡി അവസാനിപ്പിച്ചതും നടത്തിപ്പ് ചെലവ് കുത്തനെ ഉയർന്നതും ഒട്ടേറെ കുടുംബശ്രീ പ്രവർത്തകരെ കടക്കെണിയിലാക്കിയിരിക്കുകയാണ്.
സാധാരണക്കാർക്ക് ന്യായമായ നിരക്കിൽ ഭക്ഷണം എന്ന ലക്ഷ്യത്തോടെ 2020ലാണ് 'വിശപ്പുരഹിത കേരളം' പദ്ധതിയുടെ ഭാഗമായി ഇടത് സർക്കാർ ജനകീയ ഹോട്ടലുകൾ ആരംഭിക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ 20 രൂപയ്ക്ക് ഊണും 25 രൂപയ്ക്ക് പാർസലും നൽകിയിരുന്ന ഈ സ്ഥാപനങ്ങൾ കോവിഡ് കാലത്തടക്കം സാധാരണക്കാർക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ ഇന്ന് ആ ആവേശം കെട്ടടങ്ങുകയാണ്. സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന 1198 ജനകീയ ഹോട്ടലുകളിൽ 543 എണ്ണവും ഇതിനകം പൂട്ടിക്കഴിഞ്ഞു. ബാക്കിയുള്ളവയാകട്ടെ കടുത്ത പ്രതിസന്ധിയിലുമാണ്.
ഹോട്ടലുകളുടെ കെട്ടിട വാടക, വെള്ളക്കരം, വൈദ്യുതി ബിൽ എന്നിവ തദ്ദേശസ്ഥാപനങ്ങൾ വഹിക്കുമെന്നായിരുന്നു സർക്കാർ നൽകിയ ഉറപ്പ്. എന്നാൽ ഈ വാഗ്ദാനം പാലിക്കാൻ പല തദ്ദേശ സ്ഥാപനങ്ങൾക്കും കഴിയാതെ വന്നതോടെ, പദ്ധതി ആരംഭിച്ച് രണ്ട് വർഷത്തിനുള്ളിൽ തന്നെ 165 ഹോട്ടലുകൾ പൂട്ടേണ്ടി വന്നു. തിരുവനന്തപുരം കോർപ്പറേഷന്‍ വൈദ്യുതി ബിൽ അടയ്ക്കാത്തതിനെത്തുടർന്ന് കെഎസ്ഇബി ഹോട്ടലിന്റെ ഫ്യൂസ് ഊരിയപ്പോൾ, കെട്ടു താലി പണയം വച്ചാണ് വനിത ജീവനക്കാര്‍ സ്ഥാപനം തുറന്നു പ്രവർത്തിപ്പിച്ചത്.
ഒരു ഊണിന് 10 രൂപയാണ് സബ്സിഡിയായി സർക്കാർ നൽകിയിരുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കഴിഞ്ഞവര്‍ഷം സബ്സിഡി സര്‍ക്കാര്‍ നിർത്തലാക്കിയതോട ജനകീയ ഹോട്ടലുകളുടെ അടുപ്പുകളും ഒന്നൊന്നായി അണഞ്ഞു. തിരുവനന്തപുരം ജില്ലയിൽ മാത്രം 60 ഓളം ഹോട്ടലുകളാണ് ഇതിനോടകം പ്രവർത്തനം നിർത്തിയത്.
സബ്സിഡി നിർത്തലാക്കിയതോടെ 20 രൂപയ ഊണിന്റെ വില 35 മുതൽ 40 രൂപ വരെയായി വർധിച്ചു. ഇതോടെ സാധാരണക്കാരും ഈ ഹോട്ടലുകളെ കൈയൊഴിയുന്ന അവസ്ഥയാണ്. തിരുവനന്തപുരം എസ്എംവി സ്കൂളിന് സമീപത്തെ 'അനന്തപുരി ഹോട്ടലിൽ' പണ്ട് ദിവസവും 1150 ഊണുകൾ വിറ്റുപോയിരുന്ന സ്ഥാനത്ത് ഇന്ന് 350 പേർ മാത്രമാണ് എത്തുന്നത്. ഇതിനിടയിൽ പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നുള്ള പാചകവാതക ക്ഷാമവും, അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും കൂടിയായതോടെ ഊണിന്റെ വില പലയിടത്തും 45 മുതൽ 50 രൂപ വരെ കടന്നു. പത്തു രൂപ സബ്സിഡിയുടെ പേരിൽ സർക്കാർ കൈയൊഴിഞ്ഞതോടെ, ഈ സ്വപ്ന പദ്ധതിയുടെ ഭാവി ഇപ്പോൾ തുലാസിലാണ്.