സി. സദാനന്ദൻ മാസ്റ്റർ, മട്ടന്നൂരിലെ യാത്രയയപ്പ് Source: facebook, News Malayalam 24x7
KERALA

സി. സദാനന്ദൻ എംപിയുടെ കാൽ വെട്ടിയ കേസിലെ പ്രതികൾ ജയിലിലേക്ക്; അഭിവാദ്യങ്ങൾ അർപ്പിച്ച് സിപിഐഎം പ്രവർത്തകർ

മട്ടന്നൂരിൽ നടന്ന യാത്രയയപ്പിൽ കെ. കെ. ശൈലജ എംഎൽഎയും പങ്കെടുത്തു

Author : ന്യൂസ് ഡെസ്ക്

ആർഎസ്എസ് നേതാവും രാജ്യസഭാ എംപിയുമായ സി. സദാനന്ദൻ്റെ കാൽ വെട്ടിയ കേസിൽ ശിക്ഷിക്കപ്പെട്ട എട്ട് സിപിഐഎം പ്രവർത്തകരെ ജയിലിലടച്ചു. മുഴുവൻ പ്രതികളുടെയും അപ്പീൽ സുപ്രീംകോടതി തള്ളിയിരുന്നു. ഇവർക്ക് അഭിവാദ്യം അർപ്പിക്കാൻ കോടതി പരിസരത്തും ജയിലിന് മുന്നിലും നിരവധി സിപിഐഎം പ്രവർത്തകരെത്തിയിരുന്നു. മട്ടന്നൂരിൽ നടന്ന യാത്രയയപ്പിൽ കെ. കെ. ശൈലജ എംഎൽഎയും പങ്കെടുത്തു.

1994 ജനുവരി 25 ന് ആർഎസ്എസ് സഹകാര്യവാഹക് ആയിരുന്ന സി. സദാനന്ദൻ്റെ കാല് വെട്ടിയ കേസിൽ 32 വർഷങ്ങൾക്ക് ശേഷമാണ് ശിക്ഷ നടപ്പാക്കുന്നത്. സുപ്രീംകോടതി അപ്പീൽ തള്ളിയതിന് പിന്നാലെ നൽകിയ നോട്ടീസ് പ്രകാരം, ഹാജരാകേണ്ട അവസാന തീയതി ഇന്നായിരുന്നു. ഇന്ന് രാവിലെയോടെ പ്രതികൾക്കൊപ്പം നിരവധി സിപിഐഎം പ്രവർത്തകരും തലശ്ശേരി കോടതിയിലെത്തി. നടപടികൾ പൂർത്തിയാക്കി എട്ട് പേരെയും സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ സിപിഐഎം പ്രവർത്തകർ കോടതിക്ക് പുറത്ത് അഭിവാദ്യമർപ്പിച്ചു. പ്രതികൾക്ക് മട്ടന്നൂർ പഴശ്ശിയിൽ യാത്രയപ്പ് നൽകി. കെ. കെ. ശൈലജ എംഎൽഎയും യാത്രയയപ്പ് പരിപാടിയിൽ പങ്കെടുത്തു.

കെ. ശ്രീധരൻ , മാതമംഗലം നാണു, പുതിയവീട്ടിൽ മച്ചാൻ രാജൻ, പി. കൃഷ്ണൻ, ചന്ദ്രോത്ത് രവീന്ദ്രൻ, പുല്ലാഞ്ഞിയോടൻ സുരേഷ് ബാബു, മല്ലപ്രവൻ രാമചന്ദ്രൻ, കെ. ബാലകൃഷ്ണൻ എന്നിവരാണ് കേസിലെ പ്രതികൾ. എട്ട് പേർക്കും തലശ്ശേരി ജില്ലാ സെഷൻസ് കോടതി ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ശിക്ഷ കുറഞ്ഞുപോയെന്ന് നിരീക്ഷിച്ച കോടതി പിഴ 50,000 ആയുയർത്തി. ഇതിനെതിരെ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചില്ല. പിന്നാലെ വിചാരണ കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.

SCROLL FOR NEXT