KERALA

"സ്മരണകളിരമ്പും രണസ്മാരകം" പുന്നപ്ര വയലാറിൽ വിപ്ലവത്തിന്റെ ചോര വീണിട്ട് ഇന്നേയ്ക്ക് 80 വർഷം

ആ പഞ്ചാരമണലിൽ ചവിട്ടിനിന്ന് ചെവിയോർത്താലിന്നും കേൾക്കാം. ഒരു രക്തരൂക്ഷിത സമരകാലം ചരിത്രത്തിൻ്റെ ഇടിമുഴക്കമാകുന്നത്. വെടിയേറ്റുതുളഞ്ഞ തെങ്ങുകൾ ഇന്നും കാണാം

Author : ന്യൂസ് ഡെസ്ക്

തോക്കിൻമുനകളെ വാരിക്കുന്തങ്ങൾ കൊണ്ട് നേരിട്ട ജനത. 'അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന ഒറ്റ മുദ്രാവാക്യത്താൽ രാജഭരണത്തിന്റെ അടിവേരറുത്ത പോരാട്ടം. പുന്നപ്രയുടെയും വയലാറിന്റെയും മണ്ണിൽ വിപ്ലവത്തിന്റെ ചോര വീണിട്ട് ഇന്നേക്ക് എൺപത് വർഷം തികയുന്നു. ഇന്ത്യൻ യൂണിയനിൽ ചേരാതെ സ്വതന്ത്ര തിരുവിതാംകൂറെന്ന സിപിയുടെ സ്വപ്നത്തെ ചവിട്ടിമെതിച്ച്, തൊഴിലാളി വർഗ്ഗത്തിന്റെ ആത്മാഭിമാനം വാനോളമുയർത്തിയ ആ ഐതിഹാസിക സമരത്തിന്റെ ഓർമദിവസം.

വലിയ ചുടുകാട്ടിലെ ഈ ബലികുടീരങ്ങളിൽ ഇന്ന് എട്ട് പതിറ്റാണ്ടിൻ്റെ വിപ്ലവസ്മരണകളുടെ കടലിരമ്പുകയാണ്. ആ പഞ്ചാരമണലിൽ ചവിട്ടിനിന്ന് ചെവിയോർത്താലിന്നും കേൾക്കാം. ഒരു രക്തരൂക്ഷിത സമരകാലം ചരിത്രത്തിൻ്റെ ഇടിമുഴക്കമാകുന്നത്. വെടിയേറ്റുതുളഞ്ഞ തെങ്ങുകൾ ഇന്നും കാണാം, വയലാറിലെ വാരിക്കുന്തമേന്തിയ രക്തസാക്ഷി മണ്ഡപത്തിന് സമീപം. ഇരുമ്പും ഈയക്കട്ടിയും വാരിയെല്ലു തുളച്ചുകയറിയപ്പോഴും ചെങ്കൊടി താഴ്ത്താതെ ഇങ്ക്വിലാബ് മുഴക്കിയവരെ കണ്ട കൽപവൃക്ഷങ്ങൾ.

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചോരപുരണ്ട ഏടാണ് പുന്നപ്ര വയലാർ. കാലം 1946, സ്വാതന്ത്ര്യലബ്ധിയടുത്തിരിക്കെ ദിവാൻ സർ സിപി രാമസ്വാമി അയ്യരുടെ പ്രഖ്യാപനം... ജനാധിപത്യം ഒക്കെയാകാം, പക്ഷേ അമേരിക്കൻ മോഡൽ മതി. തിരുവിതാംകൂര്‍ അമേരിക്കയിലെ പ്രസിഡൻഷ്യൽ സ്വഭാവത്തിൽ ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ മറ്റൊരുരാജ്യമായി നില്‍ക്കും. സ്റ്റേറ്റ് കോൺഗ്രസ് ദിവാൻ്റെ ഈ നിർദേശം തള്ളി. പക്ഷേ കമ്യൂണിസ്റ്റ് പാർട്ടിയുടെ പദ്ധതി മറ്റൊന്നായിരുന്നു. ജന്മിത്വത്തിനും തൊഴിൽ ചൂഷണത്തിനും എതിരായ സമരത്തിൻ്റെ അടുത്ത ഘട്ടമായി സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനെതിരായ സായുധ സമരം. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യവുമായി സായുധ സമരം.

സിപിയുടെ പൊലീസ് ഭീകരതയും സ്ത്രീകൾക്കും തൊഴിലാളികൾക്കും എതിരായ തേർവാഴ്ചയും സകല സീമകളും വിട്ടപ്പോൾ ആലപ്പുഴയിലെയും ചേർത്തലയിലെയും തൊഴിലാളികളും കർഷകരും ദിവാൻ്റെ ചോറ്റുപട്ടാളത്തിന് എതിരായ പടയണിയായി. കുന്തക്കാരൻ പത്രോസ്, ടി.കെ വർഗീസ് വൈദ്യൻ, കെ.സി ജോർജ്, വയലാർ സ്റ്റാലിനെന്ന് അറിയപ്പെട്ട സി.കെ കുമാരപ്പണിക്കർ, ടി.കെ ദിവാകരൻ, പി ജി പത്മനാഭന്‍, കെ കെ കുഞ്ഞന്‍, പി കെ ചന്ദ്രാനന്ദന്‍, കെ ആർ ശ്രീധരന്‍, വിഎസ് അച്യുതാനന്ദൻ. അങ്ങനെ ഉജ്ജ്വലമായ സമരനേതൃത്വം.

കയർ, കർഷക, മത്സ്യ, ചെത്ത് തൊഴിലാളികളുടെ സമര വോളണ്ടിയർ ക്യാമ്പുകൾ. 1946 ഒക്ടോബറില്‍ തൊഴിലാളികള്‍ പ്രഖ്യാപിച്ച പൊതുപണിമുടക്ക് സായുധകലാപമായി വളർന്നു. പ്രത്യാക്രമണമാണ് പ്രതിരോധമെന്ന് തിരിച്ചറിഞ്ഞ തൊഴിലാളിപ്പട 1946 ഒക്ടോബർ 22 മുതല്‍ 27 വരെ പട്ടാളവുമായി നേർക്കുനേർ ഏറ്റുമുട്ടി. 24 ന് ഉച്ചയ്ക്ക് സമരക്കാർ പുന്നപ്രയിലെ പട്ടാള ക്യാമ്പ് വളഞ്ഞു. ആദ്യ വെടി പൊട്ടിയത് പുന്നപ്രയിലെ സിപിയുടെ ചോറ്റുപട്ടാളത്തിൻ്റെ ക്യാമ്പിൽ നിന്നായിരുന്നു. തോക്കിൻ കുഴലുകളെ തൊഴിലാളികൾ വാരിക്കുന്തങ്ങളുമായി ചെറുത്തു.

പുന്നപ്രയിലും ,തിരുവമ്പാടിയിലും, കാട്ടൂരിലും .മാരാരിക്കുളത്തും,മേനാശേരിയിലും,ഒളതലയിലും, വയലാറിലുമെല്ലാം വെടിവെപ്പുണ്ടായി. പട്ടാളം ജനതയെ കൂട്ടക്കൊല ചെയ്തു. കൊന്നവരെ കൂട്ടിയിട്ട് കത്തിച്ചു. വിപ്ലവകാരികളുടെ വീടുകൾ ചുട്ടുചാമ്പലാക്കി. എത്ര തൊഴിലാളികളാണ് കൊല്ലപ്പെട്ടതെന്ന് ഇന്നും കൃത്യമായ കണക്കില്ല. അഞ്ഞൂറിനും എണ്ണൂറിനും ഇടയിലെന്നാണ് പിന്നീട് പാർട്ടി കണക്കുകൂട്ടിയത്. ആ സായുധ സമരം വിഘടിച്ചു പോകാവുന്ന തിരുവിതാംകൂർ രാഷ്ട്രത്തെ ഇന്ത്യയോട് ചേർത്തു നിർത്തി. അപരനുവേണ്ടി മരിച്ചവർ അവർക്ക് പിമ്പേ വന്ന അധ്വാനിക്കുന്ന തൊഴിലാളിയെ ആത്മവിശ്വാസമുള്ളവരും അവകാശബോധമുള്ളവരുമാക്കി മാറ്റി. അവരുഴുതിട്ട മണ്ണിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം ആഴത്തിൽ വേരോടി. സ്മരണകളിരമ്പുന്ന രണസ്മാരകത്തിൽ തുടിച്ചുണരുന്ന ചെഞ്ചോരയിൽ കുതിർന്ന ആ ഓർമകള്‍ക്ക് ഇന്ന് എൺപത് തികയുന്നു.

SCROLL FOR NEXT