KERALA

"പോരാട്ടം നയിച്ചവനെ വേട്ടയാടിയാൽ മറുപടി ശക്തമായിരിക്കും"; സൈബർ ആക്രമണം നേരിട്ട ഷാഫിയെ പിന്തുണച്ച് കോൺഗ്രസിലെ ഒരു വിഭാഗം

രാവും പകലുമില്ലാതെ 76 നിയമസഭാ മണ്ഡലങ്ങളിൽ പ്രചാരണം നടത്തിയത് മന്ത്രിയോ മുഖ്യമന്ത്രിയോ ആവാനല്ലെന്നും പ്രചരണം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചെന്ന ആരോപണത്തിൽ സൈബർ ആക്രമണം നേരിട്ട ഷാഫി പറമ്പിലിന് പിന്തുണയുമായി കോൺഗ്രസിലെ ഒരു വിഭാഗം. "രാവും പകലുമില്ലാതെ 76 നിയമസഭാ മണ്ഡലങ്ങളിൽ പ്രചാരണം നടത്തി. മന്ത്രിയോ മുഖ്യമന്ത്രിയോ ആവാനല്ലെന്നും കേരളം ജയിക്കാനും യുഡിഎഫ് നയിക്കാനുമാണെന്നുമാണ് ഒരു വിഭാഗം പറയുന്നത്. പോരാട്ടം നയിച്ചവനെ വേട്ടയാടിയാൽ മറുപടി ശക്തമായിരിക്കുമെന്നും സാമൂഹ മാധ്യമങ്ങളിൽ പ്രചരണം.

കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ നീണ്ടു പോകുന്നതിനിടയിലാണ് ഷാഫി പറമ്പിൽ എംപിക്ക് നേരെ സാമൂഹ മാധ്യമങ്ങളിൽ പ്രവർത്തകരുടെ വിമർശനമുയർന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചുവെന്ന് ആരോപിച്ചാണ് യുഡിഎഫ് പ്രവർത്തകരും അനുഭാവികളും രംഗത്ത് വന്നിരിക്കുന്നത്. ജനഹിതം മനസിലാക്കാതെ പ്രവർത്തിച്ചാൽ ദുഖിക്കേണ്ടി വരുമെന്നും വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നുമായിരുന്നു ഷാഫിയുടെ ഫേസ്ബുക്ക് പേജിൽ വന്ന കമന്റുകൾ.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഷാഫി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് വിമർശനം. മെയ് അഞ്ചിനായിരുന്നു ഷാഫി പോസ്റ്റ് പങ്കുവെച്ചത്. 'നമ്മൾ ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു' എന്ന ക്യാപ്ഷനോടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ചിത്രമായിരുന്നു ഷാഫി പങ്കുവെച്ചത്. ഇതിന് താഴെയാണ് രൂക്ഷ വിമർശനം ഉയർന്നിരിക്കുന്നത്.

"ഗ്രൂപ്പിൻ്റെ വക്താവായി മാറിയാൽ ഷാഫി ദുഃഖിക്കേണ്ടിവരും, ഷാഫി, നിങ്ങൾ കോൺഗ്രസിന്റെ കാലനാകരുത്, കെസിക്ക് വേണ്ടി കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചല്ലോ, ഇപ്പോൾ വി ഡിയെ ക്രൂശിക്കാൻ ഇറങ്ങുന്ന താങ്കളെയും ജനം ശിക്ഷിക്കും, കെസിയെ താങ്ങാനാണ് തീരുമാനമെങ്കിൽ ഈ നാടും നാട്ടുകാരും പാർട്ടി പ്രവർത്തകരും ഇനിയും ഇവിടെയുണ്ടാകും എന്ന് ഓർക്കുക", എന്നിങ്ങനെ രൂക്ഷമായ പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെയുള്ളത്.

SCROLL FOR NEXT