കാസർഗോഡ്; കാസർഗോഡ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ വിഭാഗീയത രൂക്ഷമാകുന്നു. ഡി സി സി പ്രസിഡന്റ് പി കെ ഫൈസലിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ഒരു വിഭാഗം നേതാക്കൾ രംഗത്തുവന്നതോടെയാണ് സംഭവം കടുത്തത്. ശബരിമല വിഷയത്തിൽ കോൺഗ്രസ് നടത്തുന്ന മേഖലതല ജാഥയ്ക്കായി ഇന്ന് വിളിച്ച യോഗത്തിൽ നിന്ന് ഭൂരിഭാഗം നേതാക്കളും വിട്ടുനിന്നു.
28 ഡിസിസി ഭാരവാഹികളിൽ മൂന്നുപേർ മാത്രമാണ് യോഗത്തിന് എത്തിയത് . 11 ബ്ലോക്ക് പ്രസിഡന്റുമാരും യോഗത്തിൽ നിന്ന് വിട്ടുനിന്നു. 44 മണ്ഡലം പ്രസിഡന്റുമാരിൽ യോഗത്തിന് എത്തിയത് 10 പേർ മാത്രമാണ്. ജില്ലയിൽ നിന്നുള്ള 10 കെപിസിസി മെമ്പർമാരും യോഗത്തിൽ പങ്കെടുത്തില്ല. പോഷക സംഘടന ഭാരവാഹികളും യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
പാർട്ടി ഓഫീസ് സ്വന്തം പേരിൽ ആക്കാൻ നോക്കിയ ആളെ ഡിസിസി ട്രഷറർ സ്ഥാനത്തേക്ക് പരിഗണിച്ചതിലാണ് ഒരു വിഭാഗത്തിന് അതൃപ്തി. ഡിസിസി പ്രസിഡന്റ് കോഴ വാങ്ങി പാർട്ടി ഫോറങ്ങളിൽ നിയമനം നടത്തുന്നെന്നും നേതാക്കൾ ആരോപിച്ചു.