KERALA

''സ്വാഭാവിക നീതി നടപ്പാക്കണം, ഒഴിവാക്കിയാല്‍ കൂട്ട രാജി''; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അബിന്‍ വര്‍ക്കിക്കായി സമ്മര്‍ദ്ദം ശക്തം

പുതിയ അധ്യക്ഷസ്ഥാനെ നിയമിക്കുന്നതില്‍ സ്വാഭാവിക നീതി നടപ്പാക്കണമെന്നാണ് അബിന്‍ വര്‍ക്കിയുടെയും ആവശ്യം.

Author : ന്യൂസ് ഡെസ്ക്

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മാറിയതോടെ അബിന്‍ വര്‍ക്കിയെ സ്ഥാനത്തേക്ക് കൊണ്ടു വരാനുള്ള നീക്കം ശക്തമാക്കി രമേശ് ചെന്നിത്തല വിഭാഗം. താന്‍ വൈസ് പ്രസിഡന്റ് ആയി ഇരിക്കെ പുതിയ അധ്യക്ഷസ്ഥാനെ നിയമിക്കുന്നതില്‍ സ്വാഭാവിക നീതി നടപ്പാക്കണമെന്നാണ് അബിന്‍ വര്‍ക്കിയുടെയും ആവശ്യം.

യൂത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ക്രമം അട്ടിമറിക്കാന്‍ ശ്രമമുണ്ടെന്ന് അബിന്‍ വര്‍ക്കിയെ അനുകൂലിക്കുന്നവരും പറഞ്ഞു. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും പരാതികള്‍ അയച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് പുറത്ത് നിന്ന് ഒരാള്‍ വന്നാല്‍ അംഗീകരിക്കില്ലെന്നും തെരഞ്ഞെടുപ്പ് വിജയികളെ യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതാണെന്നും അബിന്‍ വര്‍ക്കി അനുകൂല വിഭാഗം പറയുന്നു. ഇനി സാമുദായിക സന്തുലനം നോക്കേണ്ടതില്ലെന്നും യൂത്ത് കോണ്‍ഗ്രസ്. സാമുദായിക സന്തുലനം നോക്കി അബിന്‍ വര്‍ക്കിയടെ ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ കൂട്ട രാജി ഉണ്ടാകുമെന്നും ഒരുവിഭാഗം ഭീഷണി മുഴക്കിയതായാണ് വിവരം.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അബിന്‍ വര്‍ക്കി, ബിനു ചുള്ളിയില്‍, കെഎം അഭിജിത്ത് എന്നിവരുടെ പേരുകളാണ് മുഖ്യ പരിഗണനയിലുള്ളത്. ഈ സാഹചര്യത്തിലാണ് അബിന്‍ വര്‍ക്കിക്കായി ആവശ്യം ശക്തമായിരിക്കുന്നത്.

അബിന്‍ വര്‍ക്കിക്കായി രമേശ് ചെന്നിത്തല വിഭാഗം രംഗത്തിറങ്ങിയപ്പോള്‍, ബിനു ചുള്ളിയിലിനിയാ കെസി വേണുഗോപാല്‍ പക്ഷവും മുന്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായ കെ.എം. അഭിജിത്തിനായി എം.കെ. രാഘവനും രംഗത്തുണ്ട്. നേരത്തെ യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് ബിനു ചുള്ളിയിലിന്റെ പേര് പരിഗണിക്കപ്പെട്ടിരുന്നു. ദേശീയ പുനഃസംഘടനയില്‍ ജനറല്‍ സെക്രട്ടറിയായി ബിനു ചുള്ളിയിലിനെ നിയിക്കുകയും ചെയ്തിരുന്നു.

അതേസമയം കെ എം അഭിജിത്തും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ഥിയായേക്കുമെന്ന് സംശയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് തഴയപ്പെട്ടു. ഇതിന് പിന്നാലെ ദേശീയ പുനഃസംഘടനയിലും തഴയപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കെഎസ്‌യു പ്രസിഡന്റായിരിക്കുമ്പോള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അടക്കം മുന്നോട്ട് വെച്ചായിരുന്നു അഭിജിത്ത് അനുകൂല വിഭാഗം അന്ന് വിമര്‍ശനം ഉന്നയിച്ചത്.

അതേസമയം ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന ആവശ്യവുമായി ഡിവൈഎഫ്‌ഐ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഷാഫി പറമ്പില്‍ എംപി ഇന്ന് മണ്ഡലത്തില്‍ എത്തുന്നത് പ്രമാണിച്ച് വടകരയില്‍ പലയിടത്തും രാഹുല്‍ മാങ്കൂട്ടത്തിലിനും ഷാഫിക്കും വിഡി സതീശനുമെതിരെ വ്യാപക പോസ്റ്ററുകള്‍ ഡിവൈഎഫ്‌ഐ സ്ഥാപിച്ചു.

'പീഡന വീരന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടം എംഎല്‍എ സ്ഥാനം രാജിവെക്കുക. പീഡനത്തിന് സംരക്ഷണമൊരുക്കുന്ന വിഡി സതീശനെയും ഷാഫി പറമ്പില്‍ എംപിയെയും തിരിച്ചറിയുക,' എന്നിങ്ങനെയാണ് പോസ്റ്ററുകള്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റേതായി പുറത്തുവന്ന ചാറ്റുകള്‍ അടക്കം പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് പോസ്റ്റ്.

SCROLL FOR NEXT