KERALA

ആലുവയില്‍ എ.എം. ആരിഫ്, അങ്കമാലിയിൽ സാജു പോളും സ്ഥാനാർഥിയായേക്കും; അന്തിമ തീരുമാനം സിപിഐഎം സെക്രട്ടേറിയറ്റില്‍

ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിന് എറണാകുളം സീറ്റ് പകരം നൽകാനാണ് തീരുമാനം

Author : ന്യൂസ് ഡെസ്ക്

എറണാകുളം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആലുവയിൽ എ.എം ആരിഫിനെ മത്സരിപ്പിക്കാനൊരുങ്ങി ഇടതുമുന്നണി. എറണാകുളം, അങ്കമാലി സീറ്റുകൾ വച്ചു മാറാൻ എൽഡിഎഫ് ആലോചിക്കുന്നുണ്ട്. അങ്കമാലി സീറ്റിൽ മുൻ എംഎൽഎ സാജു പോൾ സ്ഥാനാർഥിയായേക്കും. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിന് എറണാകുളം സീറ്റ് പകരം നൽകാനാണ് തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.

അതേസമയം, ആവശ്യപ്പെട്ട മൂന്ന് സീറ്റുകൾ ലഭിച്ചെങ്കിലും ഐഎൻഎൽ ഒരു സീറ്റിൽ മാത്രമാകും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുക. കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവർ കോവിൽ വീണ്ടും സ്ഥാനാർഥിയാകും. കാസർഗോഡും വള്ളിക്കുന്നിലും ഇടത് സ്വതന്ത്രരായാണ് മത്സരിക്കുക. കാസർഗോഡ് ഷാനവാസ് പാദൂരും, വള്ളിക്കുന്നിൽ ജനപ്രിയ സ്വതന്ത്രനും സ്ഥാനാർഥിയാകും. 17ാം തീയതി പ്രവർത്തകരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനായി പ്രവർത്തക കൺവെൻഷൻ ചേരാനും തീരുമാനം.

ഐഎൻഎൽ നേരത്തെ നാല് സീറ്റായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇത്തവണ കൂടുതൽ സീറ്റുകൾ നൽകില്ല എന്ന് മുന്നണി അറിയിച്ചതോടെ കഴിഞ്ഞ തവണത്തെ മൂന്ന് സീറ്റുകളിലേക്ക് ആവശ്യം ഒതുക്കുകയായിരുന്നു.

SCROLL FOR NEXT