ഇടതുപക്ഷം സ്വയം ആത്മപരിശോധന നടത്തണമെന്ന് വിഎസിൻ്റെ മകൻ  
KERALA

തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി: ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്ന് വി.എ. അരുൺകുമാർ

അഴിമതിക്കെതിരായ പോരാട്ടത്തിൽ നിന്ന് പാർട്ടി വ്യതിചലിച്ചതിൻ്റെ ഫലമാണ് ഈ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്നും വി.എ. അരുൺകുമാർ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്ന് വി.എസ്. അച്യുതാനന്ദൻ്റെ മകൻ വി.എ. അരുൺകുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെല്ലാം വലിയൊരു പാഠമാണ്. ജനവിധി എപ്പോഴും വ്യക്തമായ ചില സന്ദേശങ്ങൾ ഉൾക്കൊള്ളുന്നുണ്ടെന്നും അരുൺകുമാർ പറഞ്ഞു.

വി.എസ്. എപ്പോഴും ഉയർത്തിപ്പിടിച്ചിരുന്ന ജനപക്ഷ രാഷ്ട്രീയം , അഴിമതിക്കെതിരായ പോരാട്ടം, സാധാരണക്കാരൻ്റെ നീതി എന്നിവയിൽ നിന്നുള്ള ഏതൊരു വ്യതിചലനവും ജനങ്ങൾ കൃത്യമായി തിരിച്ചറിയുമെന്നതിൻ്റെ തെളിവാണ് ഈ ഫലം. പ്രസ്ഥാനങ്ങൾ അടിസ്ഥാന മൂല്യങ്ങളിലേക്ക് തിരികെപ്പോകണമെന്നും അരുൺ കുമാർ ആവശ്യപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉൾപ്പെടെ ഉയരുന്ന ചില പ്രവണതകൾ അങ്ങേയറ്റം ആശങ്കാജനകമാണ്. നമ്മുടെ സർവകലാശാലകളെയും വിദ്യാഭ്യാസ കേന്ദ്രങ്ങളെയും വർഗീയ അജണ്ടകൾക്ക് പരോക്ഷമായി വിട്ട് കൊടുക്കുന്ന തരത്തിലുള്ള സമരസപ്പെടലുകൾ ഏത് സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായാലും അത് ഗൗരവമുള്ളതാണ്. കേരളം എക്കാലത്തും ഉയർത്തിപ്പിടിച്ച മതനിരപേക്ഷ-ശാസ്ത്രബോധ ചിന്തകളെ തകർക്കുന്ന ഒരു നീക്കത്തോടും ജനാധിപത്യ വിശ്വാസികൾക്ക് പൊരുത്തപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ലോകത്തെ മാറ്റി മറിക്കുമ്പോൾ, നമ്മുടെ ക്യാംപസുകൾ വിജ്ഞാനത്തിൻ്റെയും പുരോഗമന ചിന്തകളുടെയും കേന്ദ്രങ്ങളായി തുടരേണ്ടതുണ്ട്. അത്തരം ജനാധിപത്യ ഇടങ്ങളെ വർഗീയ അജണ്ടകൾക്ക് പണയം വെക്കാൻ അനുവദിക്കരുതെന്നും വി.എ. അരുൺകുമാർ പറഞ്ഞു.

SCROLL FOR NEXT