കല്പറ്റ: പരിസ്ഥിതി സംരക്ഷണ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാകുന്ന ചരിത്രനേട്ടം സ്വന്തമാക്കാനൊരുങ്ങി വയനാട്. രാജ്യത്തെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയായി വയനാടിനെ നവംബർ 27ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രഖ്യാപിക്കും. വൈകിട്ട് നാലിന് ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിലാണ് ഔദ്യോഗിക പ്രഖ്യാപനം.
കൃഷിവകുപ്പ് മന്ത്രി അഡ്വ.ടി.സിദ്ദിഖിൻ്റെ നേതൃത്വത്തിലാണ് സമ്പൂർണ ഇ-മാലിന്യമുക്ത വയനാട് ജില്ല എന്ന സ്വപ്നം യാഥാർഥ്യമാക്കിയത്. വീടുകൾ, സർക്കാർ ഓഫീസുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഇ-മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായ സംസ്കരണത്തിന് കൈമാറുന്നതിനായി നടത്തിയ കൂട്ടായ പ്രവർത്തനമാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്. മൂന്നുമാസത്തോളം നീണ്ട പ്രയത്നമാണ് ഇപ്പോൾ യാഥാർഥ്യമായത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകർമ്മ സേന, ശുചീകരണ തൊഴിലാളികൾ, വിവിധ സർക്കാർ വകുപ്പുകൾ, പൊതുജനങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ സജീവ പങ്കാളിത്തത്തോടെയാണ് പദ്ധതി വിജയത്തിലെത്തിയത്. സംസ്ഥാന സർക്കാർ ഗാന്ധി ജയന്തി ദിനത്തിൽ പുതുതായി ആരംഭിച്ച 'നിർമലം' മാലിന്യ പദ്ധതിക്ക് കരുത്തുപകരുന്ന നേട്ടം കൂടിയാണ് ഇത്.
ഇ-മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് മണ്ണിനും ജലസ്രോതസ്സുകൾക്കും കൃഷിക്കും ജൈവവൈവിധ്യത്തിനും ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. ഇലക്ട്രോണിക് മാലിന്യങ്ങളിലെ അപകടകരമായ രാസഘടകങ്ങൾ പരിസ്ഥിതിയിലേക്ക് വ്യാപിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തെയും പ്രകൃതിയുടെ നിലനിൽപ്പിനെയും പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തിൽ ഇ-മാലിന്യങ്ങളുടെ ശാസ്ത്രീയമായ ശേഖരണവും സംസ്കരണവും ഉറപ്പാക്കുന്നതിലൂടെ മണ്ണിനെയും കൃഷിയെയും പ്രകൃതിയെയും സംരക്ഷിക്കുന്നതിൽ നിർണായക ചുവടുവെപ്പാണ് വയനാട് നടത്തുന്നത്.
വയനാടിന്റെ മണ്ണും മലയും കാടും ജലസമ്പത്തും ജൈവവൈവിധ്യവും വരുംതലമുറയ്ക്കായി സംരക്ഷിക്കുകയെന്ന വലിയ ഉത്തരവാദിത്തത്തിന്റെ ഭാഗം കൂടിയാണ് ഈ നേട്ടം. പരിസ്ഥിതി സംരക്ഷണത്തിലൂടെ സുസ്ഥിര വികസനത്തിലേക്കും കാലാവസ്ഥാ അതിജീവനശേഷിയുള്ള വികസന മാതൃകയിലേക്കുമുള്ള വയനാടിന്റെ മുന്നേറ്റത്തിന് ഇത് പുതിയ ഊർജം പകരും.
സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയെന്ന നേട്ടത്തിൽ ഒതുങ്ങാതെ കാർബൺ ന്യൂട്രൽ വയനാട് എന്ന വലിയ ലക്ഷ്യത്തിലേക്കും അടുത്ത ഘട്ടത്തിൽ ചുവടുവെക്കും. മാലിന്യമുക്ത വയനാട് യാഥാർത്ഥ്യമാകുമ്പോൾ കാലാവസ്ഥാപ്രതിരോധശേഷിയുള്ള ജില്ലയായി മാറ്റുക എന്ന വിശാലമായ സ്വപ്നത്തിലേക്കുള്ള സുപ്രധാനമായ ചുവടുവെപ്പായി കൂടി ഈ ചരിത്രനേട്ടം മാറും. രാജ്യത്തെ മറ്റ് ജില്ലകൾക്കുള്ള പ്രചോദനം കൂടിയാണ് വയനാടിന്റെ ഈ അതുല്യ നേട്ടം. 27 ന് നടക്കുന്ന ഔദ്യോഗിക പ്രഖ്യാപന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി, കൃഷിവകുപ്പ് മന്ത്രി അഡ്വ.ടി.സിദ്ദിഖ്, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.