KERALA

ശബരിമല സ്വര്‍ണക്കൊള്ള: എ. പത്മകുമാറിനും മുരാരി ബാബുവിനും ഗോവര്‍ധനും ജാമ്യമില്ല

കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എ. പത്മകുമാറിനും മുരാരി ബാബുവിനും ഗോവര്‍ധനും ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് പത്മകുമാർ കൊല്ലം കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി തള്ളിയ സാഹചര്യത്തിൽ ജാമ്യം ആവശ്യപ്പെട്ട് പത്മകുമാറിന് ഇനി ഹൈക്കോടതിയെ സമീപിക്കേണ്ടി വരും.

എ. പത്മകുമാർ ശബരിമലയിലെ പാളികൾ കൊടുത്തുവിട്ടത് തന്ത്രിയുടെ അഭിപ്രായം അവഗണിച്ചാണെന്ന് എസ്ഐടി കോടതിയെ അറിയിച്ചിരുന്നു. പോറ്റിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും ഗൂഢാലോചന നടത്തിയിട്ടുണ്ട്. പത്മകുമാറിന് 2018 മുതൽ പോറ്റിയുമായി ബന്ധമുണ്ടായിരുന്നു എന്നും എസ്ഐടി കോടതിയെ അറിയിച്ചു.

ഉണ്ണികൃഷ്ണൻ പോറ്റിയെ എല്ലാം ഏൽപ്പിച്ച ദേവസ്വം ബോർഡിന് എന്താണ് പണിയെന്നും, പത്മകുമാർ ഉത്തരവാദിത്തം കാണിച്ചില്ലെന്നും ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. എ. പത്മകുമാറും കണ്ഠരര് രാജീവരും ഉണ്ണികൃഷ്ണന്‍ പോറ്റിയും അറിഞ്ഞുകൊണ്ട് നടത്തിയ കൊള്ളയാണ് ശബരിമലയിലേത് എന്നും എസ്ഐടി കണ്ടെത്തിയിരുന്നു.

തന്ത്രി കണ്ഠരര് രാജീവര്, ഉണ്ണികൃഷ്ണന്‍ പോറ്റി, മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, സ്മാര്‍ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ധന്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍, മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാര്‍, കണ്ഠരര് രാജീവര് തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഇതുവരെ അറസ്റ്റിലായവര്‍.

അതേസമയം, കൊല്ലം വിജിലൻസ് കോടതി ഇന്ന് ണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കട്ടിള പാളി കേസിൽ റിമാൻഡ് കാലാവധി തുടരുന്നതിനാൽ ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ തന്നെ തുടരും. കേസിൽ 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഇടക്കാല കുറ്റപത്രം എങ്കിലും സമർപ്പിച്ചിരുന്നുവെങ്കിൽ ജാമ്യം ലഭിക്കില്ലായിരുന്നു. ഒക്ടോബർ 17നായിരുന്നു ദ്വാരപാലക കേസിൽ പോറ്റി അറസ്റ്റിലായത്.

SCROLL FOR NEXT