കൊല്ലം: ശബരിമല സ്വർണ്ണക്കള്ള കേസിൽ ദേവസ്വം മുൻ പ്രസിഡൻറ് എ. പത്മകുമാറിൻറെ റിമാൻഡ് കാലാവധി വീണ്ടും നീട്ടി. എല്ലാം അയ്യപ്പന്‍ നോക്കിക്കൊള്ളുമെന്ന് പത്മകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ദൈവതുല്യന്‍ കടകംപള്ളിയാണോ എന്ന് ചോദ്യത്തിന് ശവംതീനികള്‍ അല്ലെന്നും മറുപടി. സ്വര്‍ണകൊള്ളയില്‍ ഡിണ്ടിഗൽ സ്വദേശി ഡി. മണിയെയും ബാലമുരുഗനെയും ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി എസ്ഐടി ചോദ്യം ചെയ്തു.
കേസിലെ അന്താരാഷ്ട്ര ബന്ധം സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യൽ. അതേസമയം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്നാണ് റിമാൻഡിലുള്ള എൻ വിജയകുമാന്റെ മൊഴി. രാവിലെ 10: 15 നാണ് അഭിഭാഷകനൊപ്പം ഡി മണി ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. പത്ത് മണിയോടു കൂടി സഹായിയും ഇടനിലക്കാരനുമായ ബാലമുരുകനും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. എസ്പി ശശിധരൻ്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
പ്രവാസി വ്യവസായിയുടെ മൊഴിയനുസരിച്ച് ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ അടക്കം കടത്തിക്കൊണ്ട് പോയതിലെ പ്രധാനിയാണ് ഡി. മണി. നേരത്തെ ഡിണ്ടിഗലിലെത്തി ഡി. മണിയുടെ മൊഴി എസ് ഐ ടി രേഖപ്പെടുത്തിയെങ്കിലും ദുരൂഹമായിരുന്നു ഇയാളുടെ ഇടപെടലുകൾ. മാത്രമല്ല താൻ ഡി. മണിയല്ലെന്ന വാദവുമുയർത്തി. കൂടുതൽ ചോദ്യം ചെയ്യലിനാണ് തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയത്.
അതേ സമയം മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ പത്മകുമാറിനെ വെട്ടിലാക്കുന്നതായിരുന്നു റിമാൻഡിലായ മുൻ അംഗം എൻ. വിജയകുമാറിന്റെ മൊഴി. പത്മകുമാർ പറഞ്ഞിട്ടാണ് രേഖകൾ വായിച്ചു നോക്കാതെ ഒപ്പുവച്ചതെന്നും കൂടുതൽ കാര്യങ്ങൾ പത്മകുമാർ വിശദീകരിച്ചിരുന്നില്ലെന്നും വിജയകുമാർ എസ്. ഐ. ടിയ്ക്ക് മൊഴി നൽകി. എന്നാൽ എ. പത്മകുമാറും എൻ. വിജയകുമാറും മറ്റൊരംഗമായ ശങ്കർ ദാസും അറിഞ്ഞാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ വഴിവിട്ട് സഹായിച്ചത് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ. ഇതിനായി ദേവസ്വം മാനുവൽ തിരുത്തി.