Source: News Malayalam 24x7
KERALA

എ. പത്മകുമാറിനെ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും നീക്കി; സ്ക്രീൻഷോട്ട് പുറത്ത്

ദിവസങ്ങൾക്ക് മുൻപാണ് ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച പത്മകുമാർ ജയിൽ മോചിതനായത്...

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും എ. പത്മകുമാറിനെ നീക്കി. ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റും എംഎൽഎയുമായ പത്മകുമാറിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയത്. പത്മകുമാറിനെ പുറത്താക്കിയതിൻ്റെ സ്ക്രീൻഷോട്ട് പുറത്തുവന്നു. പാർട്ടി ഔദ്യോഗിക നടപടികളിലേക്കൊന്നും ഇതുവരെയും കടന്നിട്ടില്ല. എസ്ഐടി കുറ്റപത്രം വന്ന ശേഷം തീരുമാനം എന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കിയിരുന്നു.

പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നിന്ന് പത്മകുമാറിനെ പുറത്താക്കണമെന്ന തരത്തിൽ അറസ്റ്റിലായതിന് പിന്നാലെ തന്നെ ആവശ്യം ഉയർന്നിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച പത്മകുമാർ ജയിൽ മോചിതനായത്. ദ്വാരപാലക ശില്പ കേസില്‍ എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങിയതിന് ശേഷം ഇതുവരെയും പത്മകുമാർ ഏതെങ്കിലും തരത്തിലുള്ള ജില്ലാ കമ്മിറ്റികളിലോ പാർട്ടി പരിപാടികളിലോ പങ്കെടുത്തിട്ടില്ല.

SCROLL FOR NEXT