കോഴിക്കോട് അരിക്കുളത്ത് പ്ലസ്‌വൺ വിദ്യാർഥിക്ക് ക്രൂരമർദനം. സീനിയർ വിദ്യാർഥികളായ പതിനഞ്ചുപേർ ചേർന്ന് മർദിച്ചെന്നാണ് പരാതി. കെപിഎം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥിക്കാണ് മർദനമേറ്റത്. മർദനത്തിൽ വിദ്യാർഥിയുടെ നെഞ്ചിനും കഴുത്തിനും മുഖത്തും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.
അരിക്കുളം കെപിഎംസ് ഹയർ സ്കൂളിലെ പ്ലസ്‌വൺ വിദ്യാർഥി മെഹറൂസിനാണ് മർദനമേറ്റത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സീനിയര്‍ വിദ്യാര്‍ഥികള്‍ നല്‍കിയ മിഠായി കഴിക്കാത്തതാണ് മർദനത്തിലേക്ക് നയിച്ചത്. ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദായതിനാല്‍ സ്‌കൂള്‍ വിട്ട് പോവുകയായിരുന്ന കുട്ടിയെ പ്ലസ്ടു വിദ്യാര്‍ഥികളായ പതിനഞ്ചോളം പേർ ചേർന്ന് മർദിക്കുകയായിരുന്നു.
സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ഥിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. കുട്ടിയുടെ വായ തുറക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
അധ്യാപകർ കുട്ടിയെ ഉടനടി ആശുപത്രിയിൽ എത്തിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. രണ്ടുദിവസമായി നടക്കുന്ന സംഭവത്തെക്കുറിച്ച് അധ്യാപകർ പൊലീസിലോ മാതാപിതാക്കളയോ അറിയിച്ചില്ല. അടുത്ത വീട്ടിലെ കുട്ടി പറഞ്ഞാണ് സംഭവത്തെക്കുറിച്ച് മാതാപിതാക്കൾ അറിയുന്നത്. സ്കൂളിൽ ആന്റി റാഗിങ് സെൽ പ്രവർത്തിക്കുന്നില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.