എറണാകുളം: ആലിലും ചക്ക കായ്ക്കുന്ന ഒരു അപൂർവ കാഴ്ചയാണ് കോതമംഗലത്തു നിന്നും കാണാനാവുക. ആൽമരവും പ്ലാവും ചേർന്ന് പ്രകൃതിയുടെ ഒരു അപൂർവ സൃഷ്ടി . കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന് കേട്ടിട്ടുണ്ടെങ്കിലും വടാട്ടുപാറയിൽ ചക്ക കായ്ച്ചത് ആൽമരത്തിൽ ആണെന്നു മാത്രം.
കോതമംഗലത്തു നിന്ന് ഭൂതത്താൻകെട്ട് വഴി ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ മീരാൻസിറ്റിയിൽ എത്തും. ഇവിടെയാണ് വഴിയോരത്ത് തറ കെട്ടി സംരക്ഷിച്ചിരിക്കുന്ന ഒരു കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു കിടക്കുന്ന കൗതുക കാഴ്ചയും കാണാൻ സാധിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് ഇവിടെ ആലും, മാവും, പ്ലാവും നട്ടിരുന്നു.പിന്നീട് മാവ് ഉണങ്ങിപോവുകയും ചെയ്തു. അവശേഷിച്ചത് പ്ലാവും ആൽമരവും മാത്രം. പിന്നീട്ആൽമരത്തിൻ്റെ കരുത്തുറ്റ വേരുകളും തണ്ടുകളും വളർന്ന് പ്ലാവിനെ പൂർണമായി മറച്ചിരിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു.ഇതാണ് ആൽമരത്തിലെ ചക്കയുടെ പിന്നിലെ രഹസ്യം.
ആൽമരത്തിൽ ചക്കയുണ്ടായിക്കിടക്കുന്ന കൗതുക കാഴ്ച കാണാൻ നിരവധിപേരാണ് ഇവിടേക്ക് എത്തുന്നത്.