KERALA

"സുഹൃത്തുക്കൾ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചാൽ ആരായാലും പോകും"; വിരുന്ന് വിവാദത്തിൽ പ്രതികരിച്ച് എ. വിജയരാഘവൻ

വലതുശക്തികളാണ് സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ പ്രചാരണം നടത്തുന്നത് എന്നും എ. വിജയരാഘവൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എസ്‌ഡിപിഐ നേതാവിനൊപ്പമുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. പാർട്ടി സഖാവിൻ്റെ അനിയൻ്റെ വീട്ടിലെ ചടങ്ങിലാണ് പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

സുഹൃത്തുക്കൾ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചാൽ ആരായാലും പോകുമെന്നും തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു. വലതുശക്തികളാണ് സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ പ്രചാരണം നടത്തുന്നത്. ദുർവ്യാഖ്യാനം ചെയ്യപ്പെടാൻ സാധ്യത ഉണ്ടോ എന്ന് എങ്ങനെ അറിയാൻ ആണ് എന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി.

സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ഗഫൂർ പി. ലില്ലീസിൻ്റെ സഹോദരൻ്റെ ഗൃഹപ്രവേശനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ വിജയരാഘവൻ പങ്കെടുത്തത്‌. ചടങ്ങിൻ്റെ ഭാഗമായുള്ള ഗാനമേളയിൽ എസ്‌ഡിപിഐ പ്രാദേശിക നേതാവ്‌ പാടുന്ന സമയത്ത്‌ വിജയരാഘവൻ സമീപത്തെ ഹാളിൽ ഭക്ഷണം കഴിക്കുന്ന വീഡിയോ ആണ്‌ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്‌.

അതേസമയം, തിരൂരിലെ വ്യാപാരികളുടെ കൂടിചേരലാണ് നടന്നതെന്നും, ആരോ ഒരാൾ വിജയരാഘവനെ ഭക്ഷണം കഴിക്കാൻ വിളിച്ചതാണെന്നും എസ്‌ഡിപിഐ നേതാവ് ഷാഫി പ്രതികരിച്ചിരുന്നു. വിജയരാഘവനുമായി ഒരു തരത്തിലുള്ള അടുപ്പവും ഇല്ലെന്നും താനല്ല വിജയരാഘവനെ ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും ഷാഫി വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT