തിരുവനന്തപുരം: സർക്കാർ പിഎം ശ്രീയിൽ ഒപ്പിട്ടതിനെ ന്യായീകരിച്ച് എ.എ. റഹീം എംപി. മുന്നണിയിൽ ചർച്ച ചെയ്യാതെ ഒപ്പിട്ടത് ശരിയായ നടപടിയാണെന്നും ഇതൊന്നും മന്ത്രിസഭ കാണേണ്ട ആവശ്യമില്ലെന്നും എ.എ. റഹീം പറഞ്ഞു. 2019ൽ പിഎം ഉഷ പദ്ധതി ഒപ്പിട്ടതും മന്ത്രിസഭ ചർച്ച ചെയ്യാതെയെന്നും ന്യായീകരണം. ഇതെന്ത് സർക്കാരാണ് എന്ന് ബിനോയ് വിശ്വം പറഞ്ഞതിന് മറുപടി പറയണമെങ്കിൽ താനും മുന്നണി മര്യാദ ലംഘിക്കേണ്ടിവരുമെന്നും റഹീം തുറന്നടിച്ചു.
അതേസമയം, പിഎം ശ്രീ വിവാദങ്ങൾക്കിടെ തിരക്കിട്ട നീക്കവുമായി സിപിഐഎം. എകെജി സെൻ്ററിൽ അവൈലബിൾ സെക്രട്ടറിയേറ്റ് ചേർന്നു. സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഇടതുമുന്നണി യോഗം ഉടൻ വിളിക്കാൻ അവൈലബിൾ സെക്രട്ടറിയേറ്റിൽ ധാരണയായി. കക്ഷി നേതാക്കളെ ബന്ധപ്പെട്ട് തീയതി ഇന്ന് തന്നെ തീരുമാനിക്കും.
ഇന്ന് വൈകിട്ട് 3.30നാണ് നിർണായക മന്ത്രിസഭാ യോഗം. യോഗത്തിൽ നിന്ന് നാല് സിപിഐ മന്ത്രിമാർ വിട്ടുനിൽക്കും. മന്ത്രിസഭാ യോഗത്തിൽ നിന്ന് നാല് സിപിഐ മന്ത്രിമാർ ഇന്ന് വിട്ടുനിൽക്കും. സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഫോണിൽ ബന്ധപ്പെട്ടിട്ടും സിപിഐ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. പദ്ധതിയിൽ നിന്ന് പിന്മാറുകയല്ലാതെ മറ്റൊരു സമവായവും സിപിഐ ആഗ്രഹിക്കുന്നില്ല. മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാർ വിട്ടു നിന്നാൽ ഇടത് ഐക്യം എന്തെന്ന ചോദ്യത്തിന് ഇരുപാർട്ടികളും മറുപടി പറയേണ്ടിവരും.