ഡൽഹി: എംപിമാരുടെ വിമത നീക്കത്തിന് പിന്നാലെ പഞ്ചാബിലും ഗുജറാത്തിലും ഗോവയിലും എംഎൽഎമാരുടെ കൊഴിഞ്ഞു പോക്കുണ്ടാകുമെന്ന ആശങ്കിൽ ആംആദ്മി പാർട്ടി. ഓപ്പറേഷൻ ലോട്ടസിലൂടെ ആംആദ്മിപാർട്ടിയുടെ ഏഴു രാജ്യസഭാ എംപിമാരെയാണ് ബിജെപി സ്വന്തം പാളയത്തിൽ എത്തിച്ചത്. എന്നാൽ എംപിമാരിൽ മാത്രം ഒതുങ്ങാതെ, എൽഎൽഎമാരെ കൂടി വലയിലാക്കാൻ ഓപ്പറേഷൻ തുടരുമെന്നാണ് വിവരം. നിലവിൽ ആംആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബിന് പുറമെ പാർട്ടിക്ക് എംഎൽഎമാരുള്ള ഗുജറാത്തിലും ഗോവയിലും എംഎൽഎമാരെ ഒപ്പം കൂട്ടാനാണ് നീക്കം. എൽഎമാരെ നേരിൽ കണ്ടും പ്രവർത്തകരോട് കാര്യങ്ങൾ വിശദീകരിച്ചും കൂടുതൽ നേതാക്കൾ പാർട്ടി വിടുന്നത് തടയിടാനാണ് അരവിന്ദ് കെജരിവാളിന്റെ ശ്രമം.
മൂന്ന് സംസ്ഥാനങ്ങളിലും അടുത്ത വർഷമാണ് തെരഞ്ഞെടുപ്പ് നടക്കുക. 117 അംഗ പഞ്ചാബ് നിയമസഭയിൽ ആംആദ്മി പാർട്ടിക്ക് 92 അംഗങ്ങളുണ്ട്. ഇതിൽ 48 എംഎൽഎമാർ ഒപ്പമുണ്ടെന്നാണ് പാർട്ടി വിട്ട രാഘവ് ചദ്ദയുടെ അവകാശവാദം. ഗുജറാത്തിൽ അഞ്ചും ഗോവയിൽ രണ്ടു എംഎൽഎമാരുമാണ് ആംആദ്മി പാർട്ടിക്കുള്ളത്. കൂടുതൽ കൊഴിഞ്ഞു പോക്ക് തടയാൻ എംഎൽഎമാരുടെ നേരിൽ കാണാനാണ് കേജ്‌രിവാളിന്റെ തീരുമാനം. പശ്ചിമ ബംഗാളിലെ പ്രചാരണം കഴിഞ്ഞു മടങ്ങിയെത്തിയാലുടൻ യോഗം വിളിക്കും.
ബിജെപിയിൽ ചേർന്ന രാഘവ് ചദ്ദ അടക്കുമുള്ളവരെ അയോഗ്യരാക്കാനും ആംആദ്മി പാർട്ടി നീക്കം തുടങ്ങിയിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ടു രാജ്യസഭാ കക്ഷി നേതാവായ സഞ്ജയ് സിങ് രാജ്യസഭാ ചെയർമാന് കത്ത് നൽകി. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ നിയമ നടപടിയും ആം ആദ്മി പാർട്ടി പരിഗണിക്കുന്നുണ്ട്. അതേസമയം പാർട്ടി വിട്ട എംപിയും മുൻ ഇന്ത്യൻ താരവുമായ ഹർഭജൻ സിങ്ങിന് നൽകിയിരുന്ന സുരക്ഷ പഞ്ചാബ് പൊലീസ് പിൻവലിച്ചു.
ഹർഭജന്റെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച ആംആദ്മി പ്രവർത്തകർ മതിലിൽ ഒറ്റുകാരൻ എന്ന് കുറിച്ചു. പ്രതിഷേധത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹർഭജന് സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ജെൻസികൾ കൈവിടുകയാണ്. പാർട്ടി മാറി 48 മണിക്കൂറിനുള്ളിൽ ഇൻസ്റ്റാഗ്രാമിൽ രാഘവ് ഛദ്ദയ്ക്ക് നഷ്ടമായത് 20 ലക്ഷം ഫോളോവേഴ്‌സിനെയാണ്. വെള്ളിയാഴ്ച 14.6 മില്യൺ ഫോളോവേഴ്‌സ് ഉണ്ടായിരുന്നത് ഇന്ന് 12.6 മില്യണായി കുറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ രാഘവ് ഛദ്ദയ്‌ക്കെതിരെ അൺഫോളോ ക്യാംപയിൻ ശക്തമായതോടെയാണ് ഫോളോവേഴ്‌സിൻ്റെ എണ്ണത്തിൽ വൻ ഇടിവുണ്ടായത്.