തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭർതൃ പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ നിർണായക തെളിവുകൾ പുറത്ത്. ആരതി നേരിട്ടിരുന്നത് സമാനതകളില്ലാത്ത ക്രൂര പീഡനം. ഭർത്താവ് അതുൽ ശരീരത്തിന് പുറത്ത് കയറിയിരുന്നു മർദ്ദിച്ചിരുന്നു. പരമാവധി മുറിവുകൾ ഉണ്ടാക്കാതെയാണ് അതുൽ ഉപദ്രവിച്ചിരുന്നതെന്നും ആരതി എഴുതിയ ഡയറിക്കുറിപ്പുകളിലുണ്ട്. സംഭവത്തിൽ കുറ്റസമ്മതം നടത്തിയ അതുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മുറിയിൽ നിന്നും പൊലീസ് കണ്ടെടുത്ത ഡയറിയിലാണ് താൻ നേരിട്ട് ക്രൂര പീഡനങ്ങൾ ആരതി വ്യക്തമാക്കുന്നത്. വിവാഹം കഴിഞ്ഞ് മൂന്നുമാസം പിന്നിടുമ്പോൾ തന്നെ അതുൽ തന്നെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയിരുന്നു. ശരീരത്തിന് പുറത്തു കയറിയിരുന്നു മർദ്ദിച്ചിരുന്നതായും മുറിവുകളുണ്ടാക്കാതെ വിദഗ്ദമായാണ് മർദ്ദിച്ചിരുന്നതെന്നും ആരതി കുറിപ്പിൽ പറയുന്നത്. അതുലിന്റെ ഭാഗത്തുനിന്നുള്ള മാനസിക പീഡനം സഹിക്കാൻ പറ്റുന്നില്ല. ജീവനൊടുക്കാതെ മറ്റു നിവൃത്തിയില്ലെന്നും അച്ഛനും അമ്മയും തന്നോട് ക്ഷമിക്കണമെന്നുമാണ് ആരതിയുടെ അവസാന വാക്കുകൾ. തന്നെയല്ല, പഴയ കാമുകിയെയാണ് അതുൽ സ്നേഹിച്ചിരുന്നതെന്നും ആരതിയുടെ കുറിപ്പിലുണ്ട്. മരണത്തിന് മുൻപായി ആരതി സ്വന്തം ഫോണിൽ റെക്കോർഡ് ചെയ്ത ശബ്ദ സന്ദേശവും പോലീസിന് ലഭിച്ചു. മരിക്കാൻ തനിക്ക് പേടിയാണെന്നും പക്ഷേ മരിക്കാതെ നിവൃത്തിയില്ലെന്നും ശബ്ദസന്ദേശത്തിലും ആരതി ആവർത്തിക്കുന്നു.
കഴിഞ്ഞ മാർച്ച് മാസം ആരതി അമ്മയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റിലെ ദൃശ്യങ്ങളും പുറത്തുവന്നു. പലപ്പോഴായി അതുൽ മർദ്ദിച്ചതുമൂലം ശരീരത്തിൽ ഉണ്ടായ ചിത്രങ്ങളുൾപ്പെടെ ആരതി അമ്മയ്ക്ക് അയച്ച് നൽകിയിരുന്നു. ആശുപത്രിയിൽ പോകാൻ അമ്മ പറയുമ്പോൾ പരിക്കുപറ്റിയാൽ പോലും തന്നെ അതുൽ ആശുപത്രിയിൽ കൊണ്ടുപോകാറില്ല എന്നായിരുന്നു ആരതിയുടെ മറുപടി. വിദേശത്തുള്ള അച്ഛനും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്, താൻ സ്വയം ഉണ്ടാക്കിയതല്ല ഈ പ്രശ്നങ്ങളെന്നും ആരതി പറയുന്നുണ്ട്.
അതുലിന്റെ ഭാഗത്തുനിന്നുള്ള മാനസിക ശാരീരിക പീഡനമാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന തെളിവുകളും. തിരുവനന്തപുരം ഫോർട്ട് പോലീസ് കസ്റ്റഡിയിലുള്ള അതുൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. അതുലിനെതിരെ ആത്മഹത്യ പ്രേരണാ കുറ്റവും, ഗാർഹിക പീഡന നിരോധന നിയമവും ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം അതുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.