അബിൻ വർക്കി, കെ.എം. അഭിജിത്ത് Source: facebook
KERALA

ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണോ? അബിൻ വർക്കിയും കെ.എം. അഭിജിത്തും ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും

അബിൻ വർക്കിക്ക് അധ്യക്ഷ സ്ഥാനം നൽകിയില്ല എന്നതിലുപരി രമേശ് ചെന്നിത്തലയെ പൂർണമായും വെട്ടി എന്ന വികാരമാണ് ഐ ഗ്രൂപ്പിന്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷനെ ചൊല്ലി അമർഷം പുകയുന്നതിനിടെ ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണമോ വേണ്ടയോ എന്നുള്ളതിൽ അബിൻ വർക്കിയും കെ.എം. അഭിജിത്തും ഇന്ന് അന്തിമ തീരുമാനം എടുത്തേക്കും. തീരുമാനം പുനഃപരിശോധിക്കാൻ ഇല്ലെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കിയ സാഹചര്യത്തിൽ തുടർനടപടികൾ എങ്ങനെ ആകണമെന്ന് ഇരുവരും ഗ്രൂപ്പ് നേതൃത്വവുമായി ചർച്ച നടത്തും. സംസ്ഥാനത്ത് പ്രവർത്തിക്കാനാണ് താൽപ്പര്യം എന്നുള്ള കാര്യം അബിൻ വർക്കി ദേശീയ നേതൃത്വത്തെ നേരിൽ കണ്ട് അറിയിക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസമാണ് ലൈംഗിക വിവാദങ്ങളിൽപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച ഒഴിവിൽ പുതിയ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ പ്രഖ്യാപിച്ചത്. കെ.സി വേണുഗോപാൽ-ഷാഫി പറമ്പിൽ പക്ഷക്കാരനായ ഒ.ജെ. ജനീഷിനെ അധ്യക്ഷനാക്കിയതിന് പിന്നാലെ പാർട്ടിയിൽ അതൃപ്തി പുകയുന്ന വിവരങ്ങള്‍ അന്ന് തന്നെ പുറത്തുവന്നിരുന്നു.

നേതൃത്വവുമായി ആലോചിച്ച് ശേഷം മാത്രമായിരിക്കും കെ.എം. അഭിജിത് പരസ്യ പ്രതികരണത്തിന് തയ്യാറാകുക . അബിൻ വർക്കിക്ക് അധ്യക്ഷ സ്ഥാനം നൽകിയില്ല എന്നതിലുപരി രമേശ് ചെന്നിത്തലയെ പൂർണമായും വെട്ടി എന്നുള്ള വികാരമാണ് ഐ ഗ്രൂപ്പിന്. സംസ്ഥാന നേതൃത്വം പിടിക്കാൻ കെ.സി. വേണുഗോപാൽ പക്ഷം നടത്തുന്ന ചരട് വലിയുടെ ഭാഗമായാണ് ഇതെന്നാണ് വിലയിരുത്തൽ. അതേസമയം ഐ ഗ്രൂപ്പിനെ ഒറ്റപ്പെടുത്താൻ വി.ഡി. സതീശനടക്കം കെസി പക്ഷത്തോട് അടുത്തു എന്നും വിലയിരുത്തൽ ഉണ്ട്.

രാഹുൽ ഗാന്ധി വിഭാവനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പിലൂടെ ഏറ്റവും കൂടുതൽ വോട്ട് നേടിയ രണ്ടാമത്തെ വ്യക്തിയാണ് അബിൻ വർക്കി. രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതോടെ അധ്യക്ഷസ്ഥാനത്തേക്ക് ഏറ്റവും അർഹനായ തന്നെ വെട്ടി ഒരുപാട് പിന്നിലുള്ള ഒ.ജെ. ജനീഷിനെ അധ്യക്ഷനാക്കിയതിലാണ് അബിൻ അതൃപ്തി തുറന്നുപ്രകടിപ്പിച്ചത്.

ഒത്തുത്തീർപ്പ് എന്ന നിലയിൽ നേതൃത്വം വെച്ച് നീട്ടിയ ദേശീയ സെക്രട്ടറി പദവിയിലേക്ക് താൽപര്യമില്ലെന്നും അബിൻ തുറന്നടിച്ചു. സാമുദായിക പരിഗണനയാണോ വിനയായത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം നേതൃത്വത്തോട് ചോദിക്കാൻ അബിൻ പറഞ്ഞു.

സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമായി വർക്കിങ് പ്രസിഡന്റ് എന്ന പദവിയും പുനഃസംഘടനയിലൂടെ സൃഷ്ടിച്ചിരുന്നു. കെ.സി. വേണുഗോപാലിന്റെ അടുപ്പക്കാരനായ ബിനു ചുള്ളിയിലിനെയാണ് അങ്ങനെ ഒരു പദവി ഉണ്ടാക്കി നിയമിച്ചത്. സംഘടനയിലില്ലാത്ത വ്യക്തി ആയിട്ട് പോലും ബിനുവിനെ അധ്യക്ഷന് തുല്യമായ പദവി നൽകി. അപ്പോഴും സംഘടനാതെരഞ്ഞെടുപ്പിൽ ഒരുലക്ഷത്തി എഴുപതിനായിരത്തോളം വോട്ട് നേടിയ തന്നെ ഒതുക്കിയെന്നാണ് അബിന്റെ വികാരം.

SCROLL FOR NEXT