അബിൻ വർക്കി Source: Facebook/ Abin Varkey Kodiyattu
KERALA

"ക്യാപ്റ്റൻ, മേജർ വിളികള്‍ കോണ്‍ഗ്രസ് പ്രവർത്തകർ അംഗീകരിക്കില്ല, അവ പിണറായി സ്തുതിയുടെ ഭാഗമായി നിർമിച്ച വാക്കുകള്‍"

"പിണറായി സ്തുതിയുടെ ഭാഗമായ ഈ പദങ്ങള്‍ ആരെങ്കിലും വിളിച്ചാലോ, വിളിപ്പിച്ചാലോ അണികള്‍ ഏറ്റുവിളിക്കില്ല"

Author : ന്യൂസ് ഡെസ്ക്

ക്യാപ്റ്റൻ, മേജർ വിളികള്‍ കോണ്‍ഗ്രസ് പ്രവർത്തകർ അംഗീകരിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി ന്യൂസ് മലയാളത്തോട്. പിണറായി സ്തുതിയുടെ ഭാഗമായ ഈ പദങ്ങള്‍ ആരെങ്കിലും വിളിച്ചാലോ, വിളിപ്പിച്ചാലോ അണികള്‍ ഏറ്റുവിളിക്കില്ല. താൻ ഉള്‍പ്പടെ എല്ലാവരും കോണ്‍ഗ്രസ് സോള്‍ജിയേഴ്സ് ആണ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ ക്രെഡിറ്റ് കൂട്ടായ നേതൃത്വത്തിനെന്നും അബിൻ വർക്കി ഹലോ മലയാളം ലീഡേഴ്സ് മോർണിങ്ങിൽ പറഞ്ഞു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചിരുന്നു. താൻ നേതൃത്വത്തിലിരിക്കുമ്പോള്‍ ഉപതെരഞ്ഞെടുപ്പ് വിജയിച്ചപ്പഴോന്നും തന്നെ ആരും ക്യാപ്റ്റനെന്ന് വിളിച്ചില്ലെന്ന് രമേശ് ചെന്നിത്തല തുറന്നുപറഞ്ഞു. അതോടെ, താൻ ക്യാപറ്റനെങ്കിൽ ചെന്നിത്തല മേജർ എന്ന് സതീശൻ പ്രതികരിച്ചു. എന്നാൽ ഇത്തരം പദങ്ങള്‍ കോണ്‍ഗ്രസ് ഉയർത്തുന്നതല്ലെന്നാണ് ഇന്ന് ഹലോ മലയാളം ലീഡേഴ്സ് മോർണിങ്ങിൽ അതിഥിയായി എത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി പ്രതികരിച്ചത്. പിണറായി സ്തുതിയുടെ ഭാഗമായി നിർമിച്ച വാക്കുകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആവശ്യമില്ല. അണികള്‍ അത് ആഗ്രഹിക്കുന്നില്ലെന്നും അബിൻ പറഞ്ഞു.

ഇത്തരം പ്രയോഗങ്ങള്‍ നേതാക്കന്മാർ അറിഞ്ഞ് സൃഷ്ടിക്കപ്പെടുന്നതാണെന്ന് കരുതുന്നില്ല. ആരെങ്കിലും വിളിക്കാനോ വിളിപ്പിക്കാനോ ശ്രമിച്ചാൽ അണികള്‍ ഏറ്റുവിളിക്കില്ലെന്നും അബിൻ പറഞ്ഞു. സ്കൂളുകളിൽ സൂംബ നൃത്തം പരിശീലിക്കുന്നതിൽ പ്രശ്നമില്ല. ഇഷ്ടമുള്ളവർക്ക് അത് ചെയ്യാം. പക്ഷെ പാഠ്യപദ്ധതിയുടെ ഭാഗമായി അടിച്ചേൽപ്പിക്കുന്നതാണ് പ്രശ്നമെന്നും അബിൻ പറഞ്ഞു.

പഴയ പോലെ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസിലെ തിരുത്തൽ ശക്തിയാകുന്നില്ലെന്ന പ്രചാരണം ശരിയല്ലെന്നും അബിൻ പറഞ്ഞു. പറയാനുള്ളത് പാർട്ടിക്കകത്ത് പറയുന്നുണ്ട്. ഇന്ന് ആലപ്പുഴയിൽ ആരംഭിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പഠന ക്യാംപ് അതിന്റെ ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമാകും. പിണറായി സർക്കാരിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങള്‍ക്കെതിരായ പോരാട്ടം തുടരുമെന്നും, മിഷൻ 2026ന്റെ സെമി ഫൈനൽ വിജയിച്ചുവെന്നും അബിൻ വർക്കി ഹലോ മലയാളത്തിൽ പറഞ്ഞു.

SCROLL FOR NEXT