കോഴിക്കോട് ബൈപ്പാസിൽ മണ്ണിടിഞ്ഞ് അപകടം. അപകടത്തെ തുടർന്ന് മണ്ണിനടിയിൽപ്പെട്ട ആൾ മരിച്ചതായി സ്ഥിരീകരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ലേസർ കസ്വ (30) ആണ് മരിച്ചത്.കോപ്പർ ഫോളിയോ ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിൽ പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശികളായ ആദേശ് (25), അലക്സ് (22) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് ഇടയിലും സംഭവസ്ഥലത്ത് നിന്ന് മണ്ണ് ഇടിഞ്ഞുവീണുകൊണ്ടിരുന്നു.
ഫ്ലാറ്റ് നിർമാണം നിർത്തിവെക്കാൻ കോർപ്പറേഷൻ നിർദേശം നൽകിയിരുന്നുവെന്ന് അധികൃതർ അറിയിച്ചു. മണ്ണിടിച്ചിൽ സാധ്യത ചൂണ്ടിക്കാട്ടിയാണ് നിർമാണം നിർത്തിവെക്കാൻ അറിയിച്ചതെന്ന് കൗൺസിലർ സുജാത അറിയിച്ചു. എന്നാൽ നിർമാണത്തിന് സ്റ്റേ നൽകിയിട്ടും ഉടമകൾ അത് വിലവെയ്ക്കാതെ നിർമാണം തുടരുകയാണ് എന്ന് നാട്ടുകാർ ആരോപിച്ചു.