KERALA

ജസ്‌ലിയയുടെ മരണം: പ്രതി സിറിയക് ജോർജ് അറസ്റ്റിൽ

വാഗമൺ പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: അങ്കമാലിയിൽ വിദ്യാർഥിനി ജസ്‌ലിയയുടെ ജീവനെടുത്ത വാഹനാപകടത്തിൽ പ്രതി സിറിയക് ജോർജ് പിടിയിൽ. വാഗമൺ പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. സിറിയക് ജോർജിനെ അങ്കമാലി പൊലീസിന് കൈമാറും. ഒളിവിൽ പോയ പ്രതി സിറിയക് ജോർജിനായി പൊലീസ് ഇന്നലെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ ഫോൺ കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണം പുരോഗമിക്കവേയാണ് പ്രതി പിടിയിലായത്.

രാവിലെ പ്രതിയുടെ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. അങ്കമാലി പൊലീസാണ് ജോർജ് മാത്യുവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അറസ്റ്റ് ചെയ്തത്. വാഹനാപകടം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും പ്രതിയെ പൊലീസ് പിടികൂടിയില്ലെന്നുള്ള ആക്ഷേപത്തിന് പിന്നാലെയായിരുന്നു നടപടി.

പ്രതിയെ പിടികൂടാത്തതിൽ പൊലീസിനെതിരെ ആരോപണവുമായി ജസ്‌ലിയയുടെ കുടുംബം ഇന്നലെ രംഗത്തെത്തിയിരുന്നു. പ്രതിയെ പിടികൂടാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ക്ക് ഒരു വിലയും ഇല്ലേയെന്നും പ്രതി വലിയ പിടിപാടുള്ള ആളായതുകൊണ്ടാണോ പിടിക്കാന്‍ സാധിക്കാത്തത് എന്നുമാണ് കുട്ടിയുടെ അമ്മ ഇന്നലെ ചോദിച്ചത്. അയാള്‍ ഒരു ഡോക്ടര്‍ ആണെന്ന് പറയുന്നു. ഇനി രോഗികളുടെ ജീവന്‍ അയാളുടെ കയ്യില്‍ എങ്ങനെ സുരക്ഷിതമാകുമെന്നും അമ്മ ചോദിച്ചു.

മകള്‍ പാവമായിരുന്നു. അവള്‍ക്ക് നീതി വേണം. അയാള്‍ മകളെ ഒന്ന് ആശുപത്രിയില്‍ എത്തിക്കാൻ പോലും ശ്രമിച്ചില്ല. പൊലീസ് തങ്ങളെ വിളിച്ചിട്ടില്ലെന്നും കുട്ടിയുടെ കുടുംബം പറഞ്ഞു. ആളുകളുടെ ജീവന് ഒരു വിലയില്ലേയെന്നും കുടുംബം ചോദിച്ചു. അതേസമയം, വാഹനാപകടത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതി ഡോക്ടര്‍ സിറിയക് പി. ജോര്‍ജ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കോട്ടയം സെഷന്‍ കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

SCROLL FOR NEXT