ജെയ്നമ്മ, സെബാസ്റ്റ്യൻ Source: News Malayalam 24x7
KERALA

"ജെയ്നമ്മയെ അറിയാം, കൃപാസനത്തിലടക്കം ഒരുമിച്ച് പോയിട്ടുണ്ട്"; അന്വേഷണസംഘത്തിന് മൊഴി നൽകി സെബാസ്റ്റ്യൻ

സെബാസ്റ്റ്യന്റെ കാറിൽ നിന്നും കത്തിയും ചുറ്റികയും കന്നാസുമടക്കം ക്രൈംബ്രാഞ്ച് കണ്ടെടുത്തിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

കോട്ടയം: ഏറ്റുമാനൂരിൽനിന്ന് കാണാതായ ജെയ്നമ്മയെ പരിചയമുണ്ടായിരുന്നെന്ന് പ്രതി സെബാസ്റ്റ്യന്റെ മൊഴി. പ്രാർഥന സംഗമങ്ങളിലൂടെയാണ് പരിചയപ്പെട്ടതെന്നും ആലപ്പുഴ കൃപാസനത്തിലടക്കം ജെയ്നമ്മയുമായി പോയിട്ടുണ്ടെന്നും സെബാസ്റ്റ്യൻ അന്വേഷണസംഘത്തോട് പറഞ്ഞു. എന്നാൽ തിരോധാനം സംബന്ധിച്ച് ചോദ്യങ്ങൾക്ക് ഇയാൾ ഉത്തരം നൽകിയില്ല. അതേസമയം സെബാസ്റ്റ്യന്റെ കാറിൽ നിന്ന് കത്തിയും ചുറ്റികയും കന്നാസും ക്രൈംബ്രാഞ്ച് കണ്ടെടുത്തു.

ജെയ്നമ്മ തിരോധാന കേസിൽ കേസിൽ കോട്ടയം ക്രൈംബ്രാഞ്ച് കൂടുതൽ ചോദ്യം ചെയ്യലും തെളിവെടുപ്പും തുടരുകയാണ്. ക്രൈംബ്രാഞ്ച് ഈ മാസം 12 വരെ പ്രതി സെബാസ്റ്റ്യൻ്റെ കസ്റ്റഡി നീട്ടി വാങ്ങിയിട്ടുണ്ട്. ഏറ്റുമാനൂരിൽ നിന്നും കാണാതായ ജെയ്നമ്മയുമായി പരിചയമുണ്ടായിരുന്നതായി സെബാസ്റ്റ്യൻ സമ്മതിച്ചു. പ്രാർഥന സംഗമങ്ങളിലൂടെയാണ് പരിചയപ്പെട്ടത്. ആലപ്പുഴ കൃപാസനത്തിൽ അടക്കം പ്രാർഥനയ്ക്കായി ഒരുമിച്ച് പോയിട്ടുണ്ടെന്നും സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. എന്നാൽ തിരോധാനം സംബന്ധിച്ച് തനിക്കൊന്നും അറിയില്ല എന്നായിരുന്നു മൊഴി.

ഇന്നലെ രാത്രി കോട്ടയം വെട്ടിമുകളിലുള്ള സെബാസ്റ്റ്യന്റെ ഭാര്യവീട്ടിൽ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. അവിടെയുണ്ടായിരുന്ന സെബാസ്റ്റ്യന്റെ കാറിൽ നിന്ന് കത്തി, ചുറ്റിക, ഡീസൽ മണക്കുന്ന കന്നാസ് എന്നിവ അന്വേഷണസംഘം കണ്ടെടുത്തു.

നിലവിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ജെയ്നമ്മയുടെ തിരോധാനത്തിൽ സെബാസ്റ്റ്യന് പങ്കുള്ളതായി അന്വേഷണസംഘത്തിന് വ്യക്തത വന്നിട്ടുണ്ട്. ചോദ്യംചെയ്യലിനോട് സെബാസ്റ്റ്യൻ സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. പള്ളിപ്പുറത്തെ വീട്ടിൽനിന്ന് കണ്ടെത്തിയ അസ്ഥികഷണങ്ങളുടെ ഡിഎൻഎ പരിശോധന ഫലം ലഭിച്ചാൽ കേസിന്റെ കൂടുതൽ ചുരുളഴിയും എന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

SCROLL FOR NEXT