KERALA

മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി മരിച്ച നിലയില്‍

മുണ്ടക്കയം കരിനിലം സ്വദേശി പ്രദീപ്കുമാറാണ് ഭാര്യ സൗമ്യ, അമ്മ ബീന എന്നിവരെ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമിച്ചത്

Author : ന്യൂസ് ഡെസ്ക്

കോട്ടയം: മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊല്ലാൻ ശ്രമിച്ച പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. മുണ്ടക്കയം കരിനിലം സ്വദേശി പ്രദീപ്കുമാറാണ് ഭാര്യ സൗമ്യ, അമ്മ ബീന എന്നിവരെ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമിച്ചത്. നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ ഓടിരക്ഷപ്പെട്ട പ്രതിയെ ആണ് അഞ്ച് കിലോമീറ്റർ അകലെ, റബ്ബർ തോട്ടത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

രാവിലെ പതിനൊന്നരക്ക് ശേഷമാണ് പ്രദീപ്കുമാർ, സൗമ്യയും ബീനയും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയത്. കയ്യിൽ കരുതിയ വാൾ ഉപയോഗിച്ച് സൗമ്യയുടെ തലയിൽ ആഞ്ഞുവെട്ടി. തടയാൻ ശ്രമിച്ച സൗമ്യയുടെ അമ്മ ബീനയെയും ആക്രമിച്ചു. നിലവിളി കേട്ട് പ്രദേശവാസികൾ ഓടിക്കൂടിയതോടെ പ്രദീപ്കുമാർ വീട്ടിൽ നിന്ന് ഇറങ്ങിയോടി.

രക്തം വാർന്നുകിടന്ന ഇരുവരെയും നാട്ടുകാർ ആദ്യം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര പരിക്കായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രദീപിനായി മുണ്ടക്കയം പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരുന്നു. മണിക്കൂറുകൾക്കുള്ളിൽ അഞ്ചുകിലോമീറ്റർ മാറി, റബ്ബർ തോട്ടത്തി‌ൽ ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബപ്രശ്നങ്ങളാണ് കൊലപാതക ശ്രമത്തിന് കാരണമായി പൊലീസ് പറയുന്നത്.

വർഷങ്ങളായി വിശാഖപട്ടണത്ത് ജോലി ചെയ്യുന്ന പ്രദീപുമായി സൗമ്യക്ക് അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. പിന്നാലെ ഇളയ മകളുമായി നാട്ടിലെത്തിയ സൗമ്യ വിവാഹബന്ധം വേർപെടുത്താൻ നീക്കം തുടങ്ങി. ഓണാവധിക്ക് നാട്ടിലെത്തിയ പ്രദീപ്കുമാറും സൗമ്യയും തമ്മിൽ വീണ്ടും വാക്കുതർക്കം ഉണ്ടായി. ഇന്നുരാവിലെ മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ വെച്ച് തർക്കം പരിഹരിച്ച് വിട്ടയച്ചിരുന്നു. പിന്നാലെയാണ് ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി ഇരുവരെയും കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ജീവനൊടുക്കിയത്. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള സൗമ്യയുടെ നില ഗുരുതരമായി തുടരുകയാണ്.അമ്മ ബീനക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

SCROLL FOR NEXT