തിരുവനന്തപുരം: അക്കമിട്ട് പറയേണ്ടവ തന്നെയാണ് ആര്യനാട് പഞ്ചായത്തിന്റെ വികസന മാതൃകകൾ. പിഎസ്‌സി ഉദ്യോഗാർഥികൾക്കായി ജനകീയ വിദ്യാഭാസ കേന്ദ്രത്തിൻ്റെ മാതൃക ഒരുക്കുകയാണ് പഞ്ചായത്ത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ 50ലധികം ഉദ്യോഗാർഥികളാണ് ഇവിടെ നിന്ന് നിയമനം നേടിയത്. ഒപ്പം പഞ്ചായത്തിൻ്റെ സേവനങ്ങൾ വാതിൽപടിയിലേക്ക് എത്തിക്കുന്ന ഗ്രാമഭവനുകൾക്ക് തുടക്കം കുറിച്ചതും ആര്യനാട് നിന്ന് തന്നെയാണ്.
ഗ്രാമങ്ങളിൽ നിന്നാണ് ഒരു നാടിൻറെ വികസനത്തിൻ്റെ തുടക്കം. വിദ്യാഭ്യാസ മേഖലയിൽ ആര്യനാട് പഞ്ചായത്ത് നടത്തുന്ന ഇടപെടലുകൾ ഈ തിരിച്ചറിവിൽ നിന്നാണ്. സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കായി പഞ്ചായത്ത് ഒരുക്കുന്ന ഒരു മാതൃകയുണ്ട് ഇവിടെ.
ആര്യനാട് പഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് പിഎസ്‌സി പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നത്. രാവിലെ പത്ത് മണി മുതൽ ആരംഭിക്കുന്ന പരിശീലനം രാത്രി വരെ നീളും. പുസ്തകങ്ങളും ചോദ്യോത്തര പേപ്പറുമെല്ലാം സൗജന്യം. പഞ്ചായത്തിന് കീഴിലുള്ള ഓരോ സേവനങ്ങളും ഗ്രാമഭവനിലൂടെ ലഭ്യമാകുന്നു.
ആര്യനാട് പഞ്ചായത്തിന് കീഴിലെ പതിനെട്ട് വാർഡുകളിലും ഗ്രാമഭവനുകൾ കാണാം. കരം അടയ്ക്കുന്നതു മുതലുള്ള എല്ലാ സേവനങ്ങളും പഞ്ചായത്ത് ഓഫീസിലെത്താതെ തന്നെ ഇവിടെ നിന്ന് പൂർത്തീകരിക്കാനാകും. അസാധ്യമെന്ന് കരുതുന്നതെല്ലാം സാധ്യമാക്കുകയെന്നതാണ് ആര്യനാട് മാതൃക.