KERALA

അതിജീവിതയെ അപമാനിച്ച കേസില്‍ ജാമ്യമില്ല; രാഹുല്‍ ഈശ്വര്‍ ജയിലിലേക്ക്

അറസ്റ്റ് നിയമപരമല്ലെന്നും അറസ്റ്റിനു ശേഷം ആണ് ജാമ്യമില്ല വകുപ്പ് ചുമത്തിയതെന്നുമായിരുന്നു രാഹുല്‍ ഈശ്വര്‍ കോടതിയില്‍ വാദിച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസിലെ പരാതിക്കാരിയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യം തള്ളി. എസിജെഎം കോടതിയാണ് ജാമ്യം തള്ളിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

അറസ്റ്റ് നിയമപരമല്ലെന്നും അറസ്റ്റിനു ശേഷം ആണ് ജാമ്യമില്ല വകുപ്പ് ചുമത്തിയതെന്നുമായിരുന്നു രാഹുല്‍ ഈശ്വര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ രാഹുല്‍ ഈശ്വറിന് ജാമ്യം നല്‍കരുതെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിജീവിതയ്‌ക്കെതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.

രാഹുലിന് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യതയുണ്ട്. അന്വേഷണവുമായി മുന്നോട്ട് പോകുന്നതിന് രാഹുലുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വീട്ടിലടക്കം പരിശോധന നടത്തി ഇലക്ട്രോണിക് ഉപകരണങ്ങൡ നിന്നടക്കമുള്ള തെൡവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.

പ്രതി നിരന്തരം ഈ രീതിയില്‍ കുറ്റം ആവര്‍ത്തിക്കുന്നയാളാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ രാഹുലിനെതിരെ രണ്ട് കേസുകള്‍ നിലവിലുണ്ട്. എറണാകുളത്തും രണ്ട് കേസുകള്‍ നിലവിലുണ്ട്. മറ്റു ജില്ലകളില്‍ മാറി മാറി താമസിച്ച പ്രതി ഒളിവില്‍ പോകാനും സാധ്യതയുണ്ട്. പ്രതി കുറ്റം ചെയ്യുന്നതിനായി മറ്റു ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് സാവകാശം ആവശ്യമുണ്ട്. അതിജീവിതയുടെ ഫോട്ടോ ഉപയോഗിച്ച് തുടര്‍ന്നും ഈ കേസിന് സമാനമായ രീതിയില്‍ കുറ്റം ചെയ്യുവാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിട്ടുണ്ട്. ഇത് മുഖവിലയ്‌ക്കെടുത്തുകൊണ്ടാണ് തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വറിന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്നും നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതിജീവിതയുടെ ചിത്രവും രാഹുല്‍ സാമൂഹ മാധ്യങ്ങളില്‍ അപ്ലോഡ് ചെയ്യുന്ന വീഡിയോ അടക്കമുള്ള ഉള്ളടക്കങ്ങള്‍ ഫോണിലും ലാപ് ടോപ്പിലുമാണ് ഉള്ളത്. ഇവ വിശദമായി പരിശോധിക്കാനുള്ള സാവകാശമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്.

SCROLL FOR NEXT