തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ രാഹുല്‍ ഈശ്വര്‍ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച കുറ്റത്തെ നിസാരമായി കാണാനാകില്ലെന്ന് അഡീ. സിജെഎം കോടതി. രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
രാഹുല്‍ കുറ്റം ചെയ്തതിന് തെളിവുണ്ട്. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ വ്യക്തി വിവരങ്ങള്‍ പുറത്തേക്ക് വരുന്നത് നിസാരമായി കാണാന്‍ കഴിയില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. നിലവില്‍ കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. പ്രതി പുറത്തിറങ്ങിയാല്‍ ഇനിയും സമാനമായ കുറ്റം നടത്താന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാമ്യം നിഷേധിച്ചിരിക്കുന്നുവെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
ജാമ്യം തള്ളിയതോടെ രാഹുല്‍ ഈശ്വറിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എന്നാല്‍ തന്റെ അറസ്റ്റ് നിയമപരമല്ലെന്നും അറസ്റ്റിനു ശേഷം ആണ് ജാമ്യമില്ല വകുപ്പ് ചുമത്തിയതെന്നുമായിരുന്നു രാഹുല്‍ ഈശ്വര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ രാഹുല്‍ ഈശ്വറിന് ജാമ്യം നല്‍കരുതെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിജീവിതയ്‌ക്കെതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.
രാഹുലിന് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യതയുണ്ട്. അന്വേഷണവുമായി മുന്നോട്ട് പോകുന്നതിന് രാഹുലുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വീട്ടിലടക്കം പരിശോധന നടത്തി ഇലക്ട്രോണിക് ഉപകരണങ്ങൡ നിന്നടക്കമുള്ള തെൡവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.
പ്രതി നിരന്തരം ഈ രീതിയില്‍ കുറ്റം ആവര്‍ത്തിക്കുന്നയാളാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ അദ്ദേഹത്തിനെതിരെ രണ്ട് കേസുകള്‍ നിലവിലുണ്ട്. എറണാകുളത്തും രണ്ട് കേസുകള്‍ നിലവിലുണ്ട്. മറ്റു ജില്ലകളില്‍ മാറി മാറി താമസിച്ച പ്രതി ഒളിവില്‍ പോകാനും സാധ്യതയുണ്ട്. പ്രതി കുറ്റം ചെയ്യുന്നതിനായി മറ്റു ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് സാവകാശം ആവശ്യമുണ്ട്. അതിജീവിതയുടെ ഫോട്ടോ ഉപയോഗിച്ച് തുടര്‍ന്നും ഈ കേസിന് സമാനമായ രീതിയില്‍ കുറ്റം ചെയ്യുവാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.