KERALA

ചെലവ് കുറവിൽ നൂതന സാങ്കേതിക വിദ്യ, അവയവ മാറ്റ പ്രക്രിയയിൽ പുതിയ വിപ്ലവം തീർക്കാൻ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ആക്ടിമോസ് അത്യാധുനിക ലാബ്

ചുരുങ്ങിയ ചെലവിൽ സധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന പരിശോധനകൾ സർക്കാരിന്റെ കൂടി സഹകരണത്തോടെ നടത്താനാണ് ആശുപത്രി ലക്ഷ്യമിടുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: അവയവമാറ്റ ശസ്ത്രക്രിയയിൽ പുതിയൊരു മാറ്റത്തിന് തുടക്കമിട്ട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ആക്ടിമോസ് (ACTIMOS) അത്യാധുനിക ലാബിന്റെ പ്രവർത്തനം. മസ്തിഷ്ക മരണം സംഭവിച്ച ബിൽജിത്തിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള അതിവേഗ പരിശോധനകൾ നടന്നത് എറണാകുളം മെഡിക്കൽ ട്രസ്റ്റിന്റെ ആക്ടിമോസ് ലാബിലാണ്. അവയവ മാറ്റ ശസ്ത്രക്രിയയിൽ ഏറ്റവും നിർണായകമായ ഘടകം കോൾഡ് ഇസ്കീമിയ സമയം കുറയ്ക്കുക എന്നതാണ്.

ദാതാവിന്റെ ശരീരത്തിൽ നിന്ന് അവയവം വേർപെടുത്തുന്നത് മുതൽ സ്വീകരിക്കുന്ന വ്യക്തിക്ക് രക്തയോട്ടം തുടങ്ങുന്നത് വരെയുള്ള ഈ സമയം എത്രത്തോളം കുറയ്ക്കുന്നുവോ അത്രത്തോളം അവയവത്തിന്റെ പ്രവർത്തനക്ഷമത മെച്ചപ്പെടും. ആക്ടിമോസിലെ നൂതന പരിശോധനാ സംവിധാനങ്ങൾ ഈ സമയം പരമാവധി കുറയ്ക്കാൻ സഹായിക്കുന്നു.

അവയവ മാറ്റ ശസ്ത്രക്രിയക്ക് മുന്നോടിയായുള്ള പരിശോധനകൾക്കായി ആക്ടിമോസ് തയ്യാറാക്കിയ സമഗ്രമായ മാർഗരേഖ കെ-സോട്ടോയ്ക്ക് സമർപ്പിച്ച് അനുമതിക്കായി കാത്തിരിക്കുകയാണ്. ഈ ലാബിന്റെ വരവോടെ അവയവ മാറ്റ ശസ്ത്രക്രിയയുടെ വിജയ സാധ്യത വലിയ തോതിൽ വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ചുരുങ്ങിയ ചെലവിൽ സധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന പരിശോധനകൾ സർക്കാരിന്റെ കൂടി സഹകരണത്തോടെ നടത്താനാണ് ആശുപത്രി ലക്ഷ്യമിടുന്നത്.

SCROLL FOR NEXT