Source: News Malayalam 24x7
KERALA

എൻജിഒ അസോസിയേഷൻ പ്രസിഡൻ്റിൻ്റെ കത്തിൽ വീണ്ടും നടപടി; വയനാട് ജില്ലാ കളക്‌ട്രേറ്റിലെ സെക്ഷൻ ഫയലുകൾ പരസ്പരം കൈമാറാൻ ഉത്തരവ്

ഭരണ സൗകര്യാർഥമാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കുമ്പോഴും നീക്കം വൻ അഴിമതിക്ക് വേണ്ടിയാണെന്നാണ് ഇടത് സർവീസ് സംഘടനകളുടെ ആരോപണം

Author : ന്യൂസ് ഡെസ്ക്

വയനാട്: എൻജിഒ അസോസിയേഷൻ പ്രസിഡൻ്റിൻ്റെ അപേക്ഷയിൽ ഫയൽ കൈമാറ്റത്തിന് നിർദേശം. വയനാട് ജില്ലാ കളക്‌ട്രേറ്റിലാണ് രണ്ട് സെക്ഷനുകളിലെ ഫയലുകൾ അസോസിയേഷൻ നേതാവിന്റെ അപേക്ഷയിൽ പരസ്പരം കൈമാറാൻ ഉത്തരവിട്ടത്. ഭരണ സൗകര്യാർഥമാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കുമ്പോഴും നീക്കം വൻ അഴിമതിക്ക് വേണ്ടിയാണെന്നാണ് ഇടത് സർവീസ് സംഘടനകളുടെ ആരോപണം.

കോൺഗ്രസ് അനുകൂല സർവീസ് സംഘടനയായ എൻജിഒ അസോസിയേഷൻ്റെ പ്രസിഡൻ്റ് മെയ് 20ാം തീയതിയാണ് ഫയൽ കൈമാറ്റം ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. വയനാട് ജില്ലാ കളക്ട്രേറ്റിലെ എ1 സെക്ഷനിൽ കൈകാര്യം ചെയ്യുന്ന ഫയലുകൾ എ2 സീറ്റിലേക്കും എ2 സെക്ഷനിൽ കൈകാര്യം ചെയ്യുന്ന ഫയലുകൾ എ1 സീറ്റിലേക്കും മാറ്റണമെന്നായിരുന്നു അപേക്ഷ. പിന്നാലെ ജോലിഭാരം കണക്കിലെടുത്ത് എ1 സെക്ഷനിൽ കൈകാര്യം ചെയ്യുന്ന വില്ലേജ് ഓഫീസർ തസ്തിക സംബന്ധിക്കുന്ന ഫയലുകൾ എ2 സീറ്റിലേക്കും എ2 സെക്ഷനിൽ കൈകാര്യം ചെയ്യുന്ന ഓഫീസ് അറ്റന്റന്റ് തസ്തിക സംബന്ധിക്കുന്ന ഫയലുകൾ എ1 സീറ്റിലേക്കും മാറ്റണമെന്ന് ഒരു മാസത്തിനിപ്പുറം ഉത്തരവിറക്കി.

അസോസിയേഷൻ പ്രസിഡന്റിന്റെ അപേക്ഷയെ തുടർന്നാണ് നടപടിയെന്നും ഇ ഓഫീസ്, മാനുവൽ ഫയലുകൾ സെക്ഷൻ ക്ലാർക്കുമാർ പരസ്പരം കൈമാറണമെന്നും വയനാട് ജില്ലാ കളക്ടർ മേഘശ്രീ ഡി.ആർ. പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. വില്ലേജ് ഓഫീസർ, ഓഫീസ് അസിസ്റ്റൻറ് തസ്തികകളിലെ നിയമനം, സ്ഥലം മാറ്റം, പ്രൊമോഷൻ, പ്രൊബേഷൻ, പിഎസ്സി വെരിഫിക്കേഷൻ, പൊലീസ് വെരിഫിക്കേഷൻ, റെഗുലറൈസേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് കൈമാറ്റം ചെയ്യാൻ ഉത്തരവിട്ട ഫയലുകൾ.

എൻജിഒ അസോസിയേഷൻ നേതാവിന്റെ അപേക്ഷപ്രകാരമുള്ള കളക്ടറുടെ ഈ നടപടി വ്യാപക അഴിമതിക്ക് കാരണമാകുമെന്നാണ് ഇടത് സർവീസ് സംഘടനകളുടെ ആരോപണം. ഒപ്പം ഇത്തരം നടപടികൾ ചട്ടവിരുദ്ധമാണെന്നും സംഘടന നേതാക്കൾ പറയുന്നു. ഭരണ സൗകര്യാർഥവും ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കാനുമാണ് ഉത്തരവെന്നാണ് അധികൃതരുടെ വിശദീകരണം. സമാനമായ രീതിയിൽ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പും ശേഷവും സർക്കാർ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് വ്യാപക വിമർശനത്തിനും കോടതി വ്യവഹാരത്തിനും ഇടയാക്കിയിരുന്നു.

SCROLL FOR NEXT