വീണ ജോര്‍ജ് News Malayalam 24x7
KERALA

വീണ ജോർജിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; സിപിഐഎം പ്രാദേശിക നേതാക്കൾക്കെതിരെ നടപടി

കോട്ടയം മെഡിക്കൽ കോളേജിലെ അപകടവുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റ്

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: മന്ത്രി വീണ ജോർജിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ഇരവിപേരൂർ സിപിഐഎം ഏരിയ കമ്മിറ്റിയംഗത്തെ തരംതാഴ്ത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റും സിഡബ്ല്യുസി ചെയർമാനുമായിരുന്ന എൻ. രാജീവിനെതിരെയാണ് നടപടി. ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസനെയും മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തു.

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നതിനു പിന്നാലെ മന്ത്രി ആശുപത്രി സന്ദർശിച്ചിരുന്നു. മന്ത്രിയുടെ സന്ദർശനവും തുടർനടപടികളെയും വിമർശിച്ചാണ് എൻ. രാജീവ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. പാർട്ടി അച്ചടക്കത്തിനു വിരോധമായി പ്രവർത്തിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജില്ലാ കമ്മിറ്റി നടപടിക്ക് നിർദേശം നൽകിയത്.പാർട്ടി നേതാക്കൾക്കിടയിലെ അഭിപ്രായ വ്യത്യാസം പൊതു ചർച്ചയ്ക്ക് ഇടയാക്കരുതെന്ന മുന്നറിയിപ്പു കൂടിയാണ് ഈ നടപടിയിലൂടെ പാർട്ടി സ്വീകരിച്ചിരിക്കുന്നത്.

കോട്ടയം മെഡിക്കല്‍ കോളേജിലെ ഉപയോഗശൂന്യമായ പതിനാലാം വാര്‍ഡ് കെട്ടിടം തകർന്നു വീണാണ് അപകടം സംഭവിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി ബിന്ദു എന്ന സ്ത്രീ മരിച്ചിരുന്നു. മകളുടെ സർജറിക്കായി എത്തിയപ്പോഴായിരുന്നു അപകടം നടന്നത്. കെട്ടിടം തകർന്നു വീണ് രണ്ട് മണിക്കൂറിനു ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ബിന്ദുവിൻ്റെ മരണത്തിനിടയാക്കിയത് ആരോഗ്യവകുപ്പിൻ്റെ അനാസ്ഥമൂലമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ബിന്ദുവിൻ്റെ മരണത്തെ തുടർന്ന് സംസ്ഥാന സർക്കാരിനെതിരെയും ആരോഗ്യവകുപ്പിനെതിരെയും കടുത്ത വിമർശനമാണ് ഉയർന്നുവന്നത്.

SCROLL FOR NEXT