കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻ്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ കുറ്റക്കാരായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർത്താൽ തുടരുന്നു. ദളിത്-ആദിവാസി സംഘടനകളുടെയും ആക്ഷൻ കൗൺസിലിന്റെയും നേതൃത്വത്തിലാണ് വൈകിട്ട് 6 മണിവരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഹർത്താൽ അനുകൂലികളുടെ പ്രതിഷേധം ശക്തമാകുകയാണ്.
വിവിധയിടങ്ങളിൽ പ്രതിഷേധക്കാർ വാഹനങ്ങൾ തടഞ്ഞു. തമ്പാനൂരിൽ ഹർത്താൽ അനുകൂലികളും ബസ് യാത്രക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി. കണ്ണൂരിലും കോട്ടയത്തും അടക്കം വിവിധ സ്ഥലങ്ങളിലെ ബസുകൾ തടഞ്ഞു. കോട്ടയത്തും വാഹനങ്ങൾ തടഞ്ഞു. കോട്ടയം കെഎസ്ആർടിസി ബസ്‌റ്റാന്റ് റോഡ് സമരക്കാർ ഉപരോധിച്ചു. കടകൾ അടപ്പിക്കാനും ശ്രമം നടന്നു. വിവിധ കേന്ദ്രങ്ങളിൽ സമരക്കാർ പ്രതിഷേധ പ്രകടനം നടത്തി. കേരള ബാങ്ക് ശാഖ, റിലയൻസ് മാർട്ട് എന്നിവ പ്രതിഷേധക്കാരെത്തി അടപ്പിച്ചു.
കണ്ണൂർ ചേലേരി മുക്കിൽ ബസ്സുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞ് ദളിത് സംഘടന പ്രവര്‍ത്തകർ പ്രതിഷേധം അറിയിച്ചു. വൈക്കം വലിയ കവലയിൽ വാഹനങ്ങൾ തടഞ്ഞു. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കുമെന്ന പ്രസ്താവന പാഴ് വാക്കാകുന്ന തരത്തിലാണ് പ്രതിഷേധക്കാരുടെ നടപടികൾ. മാന്നാർ പുത്തുവിളപ്പടിയിൽ കുടിവെള്ളവുമായി വാഹനം എറിഞ്ഞു തകർത്തു. പാലക്കാട് സ്റ്റേഡിയം ബസ്സ്റ്റാന്റിലും ദളിത് സംഘടനകളുടെ പ്രതിഷേധമുണ്ടായി. ബസ് തടഞ്ഞ പ്രവർത്തകരെ പൊലീസ് എത്തി മാറ്റി.
മാവേലിക്കര ചാരുംമൂട്ടിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. അതിനിടെ മിൽമ ചെയർമാന്റെ ഔദ്യോഗിക വാഹനവും റോഡിൽ തടഞ്ഞിട്ടു. തലസ്ഥാനത്ത് ബസുകൾ തടഞ്ഞതോടെ മെഡിക്കൽ കോളേജ്, ആർസിസി എന്നിവിടങ്ങളിലേക്ക് പോകേണ്ട രോഗികൾ പെരുവഴിയിലായി. 50 ഓളം കെഎസ്ആർടിസി ബസുകളാണ് തടഞ്ഞത്. സ്ത്രീകളടക്കമുള്ള പ്രവർത്തകർ റോഡിൽ പ്രതിഷേധിച്ചു. കഴക്കൂട്ടം പള്ളിപ്പുറം സിആർപിഎഫ് ജംഗ്ഷനിലും വാഹനങ്ങൾ തടഞ്ഞ് പൊതു ജനങ്ങളെ വലച്ചു. പള്ളിപ്പുറത്ത് ദേശീയപാതയിലൂടെ വാഹനങ്ങൾ കടത്തി വിടാതെയായിരുന്നു പ്രതിഷേധം. സ്ഥിതി നിയന്ത്രിക്കാനെത്തിയ പൊലീസിനെതിരെയും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.
തിരുവനന്തപുരത്തും വടക്കൻ പറവൂരിലും കണ്ണൂരിലും ആക്ഷൻ കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ വാഹനങ്ങൾ തടഞ്ഞു. കണിയാപുരത്ത് ഹർത്താൽ അനുകൂലികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. കോഴിക്കോട് മാനാഞ്ചിറയിൽ റോഡ് ഉപരോധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കാട്ടാക്കടയിൽ വാഹനഗതാഗതം പൂർണമായും തടസപ്പെട്ടു. കാഞ്ഞങ്ങാട് വാഹനം തടയാനെത്തിയ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങലിൽ വാഹനം തടഞ്ഞ സമരാനുകൂലികളെ പൊലീസ് നീക്കം ചെയ്തു.
കഴക്കൂട്ടത്ത് വി ഐ ടി (VIT) എൻട്രൻസ് പരീക്ഷ എഴുതാനുള്ള വിദ്യാർഥികൾ വഴിയിൽ കുടുങ്ങി. രണ്ടര മണിക്കൂറായി പള്ളിപ്പുറത്ത് കുടുങ്ങിക്കിടക്കേണ്ടതായി വന്നു. പാറശ്ശാല സ്വദേശി ഇഹ്സാൻ രാജധാനി ഇൻസ്റ്റിറ്റ്യൂട്ടിൽ പരീക്ഷ എഴുതാൻ എത്തിയതായിരുന്നു. പാറശാലയിൽ നിന്നും രാവിലെ അഞ്ചുമണിക്ക് ഇറങ്ങിയതാണ്. 9 മണിക്ക് പരീക്ഷയ്ക്കായി റിപ്പോർട്ട് ചെയ്യേണ്ടതായിരുന്നു. ഇനി പരീക്ഷ എഴുതാൻ കഴിയില്ലെന്ന് ഇഹ്സാൻ പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തിയവരും ബസ്റ്റാന്റുകളിലും മറ്റും കുടുങ്ങി.