നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ധ് പ്രഖ്യാപിച്ച് കെഎസ്‌യു. കേരള സർവകലാശാലയിൽ ഉണ്ടായ സംഘർഷത്തിൽ ആർഎസ്എസ്- യുവമോർച്ച പ്രവർത്തകർ കെഎസ്‌യു പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ബന്ദ്. ഇന്നുണ്ടായ സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കും പൊലീസുകാർക്കും ക്രൂരമർദ്ദനം ഏറ്റിരുന്നു. സെനറ്റ് ഹാളിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ ബിജെപി പ്രവർത്തകരാണ് മർദിച്ചത്. കെഎസ്‌യു പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിനിടെയാണ് പൊലീസിനും മർദനമേറ്റത്.
കാവി കൊടിയേന്തിയ ഭാരതാംബയെ വേദിയിൽ വെച്ചതിന് പിന്നാലെയാണ് കേരള സർവകലാശാല ആസ്ഥാനം യുദ്ധക്കളമായത്. സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുക്കുന്ന സ്വകാര്യ പരിപാടിയിൽ ഭാരതാംബ ചിത്രം വച്ചത് കൂട്ടയടിയിൽ കലാശിച്ചു. ഹാളിനുള്ളിൽ കെഎസ്‌യു പ്രവർത്തകർക്കും, പോലീസുകാർക്കും ബിജെപിക്കാരുടെ ക്രൂരമർദ്ദനമേറ്റു. എസ്എഫ്ഐക്കാരുടെ നടുവിലൂടെ വന്ന് പരിപാടിയിൽ പങ്കെടുത്ത ഗവർണർ, ആർക്കും വഴങ്ങില്ലെന്ന നിലപാട് ആവർത്തിച്ചു.
ശ്രീപത്മനാഭ സേവാസമിതി സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ അൻപതാണ്ടെന്ന പൊതുപരിപാടിയാണ് സെനറ്റ് ഹാളിൽ നടന്നത്. കാവി കൊടിയേന്തിയ ഭാരതാംബ ചിത്രം സർവ്വകലാശാല ഹാളിൽ വയ്ക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പലതവണ രജിസ്ട്രാർ നേരിട്ടെത്തി അറിയിച്ചു. ഒപ്പം എസ്എഫ്ഐ പ്രവർത്തകരും പ്രതിഷേധത്തിനെത്തി. പരിപാടി നടക്കുന്നുണ്ടെങ്കിൽ ചിത്രം അവിടെയുണ്ടാകുമെന്ന് സംഘാടകർ പറഞ്ഞു. എന്നാൽ, ഭാരതാംബ വിഷയത്തിൽ രണ്ടും കൽപ്പിച്ച്, എസ്എഫ്ഐ പ്രതിഷേധത്തിന് നടുവിലൂടെ ഗവർണർ സെനറ്റ് ഹാളിലേക്കെത്തി. ഭാരതാംബ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തിയാണ് പരിപാടി ആരംഭിച്ചത്. അടിയന്തരാവസ്ഥക്കാലത്തെ ഓർമിക്കുന്ന പരിപാടിയിൽ, പ്രതിഷേധം അപ്രഖ്യാപിത അടിയന്തരാവസ്ഥയോയെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ ചോദ്യം.
പരിപാടി കഴിഞ്ഞിറങ്ങുമ്പോൾ ഗവർണറെ തടയാൻ പ്രധാന ഗേറ്റിനു മുന്നിൽ എസ്എഫ്ഐ പ്രവർത്തകർ തമ്പടിച്ചിരുന്നു. എന്നാൽ റൂട്ട് മാറ്റി പ്രതിഷേധക്കാരുടെ മുന്നിൽപ്പെടാതെ ഗവർണർ രാജ്ഭവനിലേക്ക് മടങ്ങി. ഗവർണർക്കെതിരെ ക്യാമ്പസുകളില്‍ ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐയും അറിയിച്ചു.