തിരുവനന്തപുരം: പദ്മഭൂഷൺ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നടൻ മമ്മൂട്ടി. പുരസ്കാരം കലാകാരന്മാർക്ക് പ്രോത്സാഹനമാണ്. നല്ല നടനുള്ള പുരസ്കാരം കിട്ടുന്നത് അതിലേറെ പ്രോത്സാഹനമാണെന്നും മമ്മൂട്ടി പറഞ്ഞു. സംസ്ഥാന പുരസ്കാര വിതരണ ചടങ്ങിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. രാജ്യം ആദരിക്കുക എന്നതിനേക്കാൾ വലിയൊരു ആദരമില്ല. പദ്മഭൂഷൺ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി.
"മികച്ച നടനുള്ള പുരസ്കാരത്തിൽ എനിക്കൊപ്പം ആസിഫും ടോവിനോയുമുണ്ട്. പ്രായത്തിൽ മൂത്തത് ആയതിനാൽ എനിക്ക് കിട്ടിയതാകും. ഫെമിനിച്ചി ഫാത്തിമ കണ്ടു. ഇത്തരം സിനിമകൾ മലയാളത്തിൽ മാത്രമേ ഉണ്ടാകൂ. സിനിമ ചിന്തിക്കാനും മനസിലാക്കാനും സന്ദേശം പകരാനും എന്ന് വിചാരിക്കുന്നവരാണ് മലയാളികൾ. കഴിവുകളുടെ നിധിയാണ് മലയാള സിനിമ. അതിൽ നിന്ന് ഒരുപാട് ഇനിയും കോരിയെടുക്കാൻ ഉണ്ട്. അതിൽ ഞാനും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു", മമ്മൂട്ടി.
ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ സ്വതന്ത്ര കലാകാരന് ആദ്യമായി ലഭിച്ച അവാർഡാണ് ഇതെന്ന് റാപ്പർ വേടനും പ്രതികരിച്ചു. തന്നെ ഈ നിലയിലേക്ക് എത്തിക്കാൻ കാരണം പിതാവാണെന്നും വേടൻ പറഞ്ഞു. വേദിയിലേക്ക് പിതാവിനെ ക്ഷണിച്ച് കൊണ്ടായിരുന്നു വേടൻ്റെ പ്രതികരണം. 2024ലെ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരമാണ് റാപ്പർ വേടന് നൽകിയത്.