കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ പരിക്കേ നടൻ വിനായകൻ ആശുപത്രി വിട്ടു. 'ആട് 3' എന്ന സിനിമയുടെ തിരിച്ചെന്തൂരിലെ ചിത്രീകരണത്തിനിടെയാണ് നടന് പരിക്കേറ്റത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലാണ് വിനായകനെ പ്രവേശിപ്പിച്ചിരുന്നത്. ആറ് ആഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
'ആട് 3'യുടെ സംഘട്ടനരംഗങ്ങളുടെ ഷൂട്ടിങ്ങിനിടെയാണ് വിനായകന് പരിക്കേറ്റത്. രണ്ട് ദിവസം വേദന അനുഭവപ്പെട്ടെങ്കിലും നടൻ ഷൂട്ടിങ് തുടരുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യം വർധിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സതേടിയത്. പരിശോധനയിൽ കഴുത്തിലെ പേശികൾക്ക് സാരമായ ക്ഷതമേറ്റതായി കണ്ടെത്തി. തുടർന്നാണ്, ഡോക്ടർമാർ വിശ്രമം നിർദേശിച്ചത്.
ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന എപ്പിക്-ഫാന്റസി ചിത്രമാണ് 'ആട് 3'. വമ്പന്‍ ബജറ്റില്‍ നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ജയസൂര്യ, വിനായകന്‍, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് എന്നിവര്‍ ഉള്‍പ്പെടെയുള്ള 'ആട് യൂണിവേഴ്‌സി'ലെ താരങ്ങള്‍ ഈ ചിത്രത്തില്‍ വീണ്ടും ഒന്നിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനിയും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. അഖിൽ ജോർജ് ആണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാനും എഡിറ്റർ ലിജോ പോളും ആണ്.