എറണാകുളം: തൃപ്പൂണിത്തുറ വനിതാ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കതിരെ പരാതിയുമായി ആഭ്യന്തരമന്ത്രിയെ കാണാൻ ഒരുങ്ങി നടി അൻസിബ ഹസൻ. താരസംഘടന'അമ്മ'യുടെ വൈസ്പ്രസിഡന്റ് ലക്ഷ്മി പ്രിയയുടെ വ്യാജപരാതിയിൽ പൊലീസിൽ നിന്ന് കൊടിയ മാനസികപീഡനം നേരിട്ടെന്നാണ് അൻസിബയുടെ പരാതി. കഴിഞ്ഞ ദിവസം ലക്ഷ്മി പ്രിയയ്ക്കും തൃപ്പൂണിത്തുറ എസ്ഐ രേഷ്മയ്ക്കും എതിരെ അൻസിബ ഹസൻ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നൽകിയത്. തനിക്ക് ലഭിക്കേണ്ട മാനുഷിക പരിഗണന പൊലീസിൽ നിന്ന് ലഭിച്ചില്ലെന്നും സ്റ്റേഷനിൽ തന്നെ മൂന്ന് മണിക്കൂർ വ്യക്തിഹത്യ ചെയ്തെന്നുമാണ് അൻസിബയുടെ പരാതിയിൽ പറയുന്നത്.
വനിതാ സ്റ്റേഷനിലെ എസ്ഐ പരാതിക്കാരിയുമായി ഒത്തുകളിച്ച് തന്നെ മൂന്ന് മണിക്കൂറോളം മാനസികമായി പീഡിപ്പിച്ചെന്നും എസ്ഐയുടെ മുന്നിൽ വച്ച് പരാതിക്കാരി തന്നെ പരസ്യമായി തെറിവിളിച്ചിട്ടും പൊലീസ് ഉദ്യോഗസ്ഥ മൗനം പാലിച്ചെന്നും അൻസിബ ആരോപിച്ചിരുന്നു. തന്നെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവം മാപ്പപേക്ഷ എഴുതി വാങ്ങിയ ശേഷം, താൻ ഒപ്പിട്ട പേപ്പറിൽ എസ്ഐ സ്വന്തം ഇഷ്ടപ്രകാരം വരികൾ കൂട്ടിച്ചേർത്ത് രേഖകളിൽ തിരുത്തൽ വരുത്തിയതായും താരം വെളിപ്പെടുത്തിയിരുന്നു.
അതേസമയം, താരസംഘടനയിലെ ചേരിപ്പോരിൽ അമ്മ ഭരണസമിതി നാല് താരങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ജൂൺ ഒന്ന് മുതൽ മൂന്ന് വരെയുള്ള ദിവസങ്ങളിൽ നേരിട്ടെത്തി തെളിവ് നൽകാൻ അൻസിബ ഹസൻ, ടിനി ടോം ഉൾപ്പെടെയുള്ളവർക്കാണ് നിർദേശം നൽകിയത്. എന്നാൽ തൻ്റെ പരാതി കേൾക്കാൻ നിഷ്പക്ഷ സമിതി രൂപീകരിക്കണമെന്നാണ് അൻസിബയുടെ ആവശ്യം.
ധ്യാൻ ശ്രീനിവാസൻ, രമേശ് പിഷാരടി, മാലാ പാർവ്വതി തുടങ്ങി മൂന്ന് പേരെ സമിതിയിൽ ഉൾപ്പെടുത്തണം. സമിതിക്ക് മുന്നിൽ താൻ പറയുന്ന കാര്യങ്ങൾ വീഡിയോ റെക്കോർഡിങ് ഉറപ്പാക്കണം എന്ന ആവശ്യവും അൻസിബ മുന്നോട്ടുവെച്ചിട്ടുണ്ട്. കമ്മിറ്റിയംഗമായ ടിനി ടോം തന്നെ മതതീവ്രവാദിയാക്കാൻ ശ്രമിച്ചെന്നും തന്നെ കുറിച്ച് അശ്ലീലം നിറഞ്ഞ അപവാദ കഥകൾ പ്രചരിപ്പിച്ചുവെന്നുമാണ് അൻസിബയുടെ പരാതി.