കൊച്ചി: പിആർഡി പരസ്യത്തില്‍ അഭിനയിച്ച് നടി ഭാവനയും. കേരളത്തിൻ്റെ വികസനയാത്ര നമുക്ക് ഒന്നിച്ച് മുന്നോട്ട് തുടരാം എന്ന പരസ്യ ചിത്രത്തിലാണ് ഭാവന അഭിനയിച്ചിരിക്കുന്നത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പാണ് പരസ്യം തയാറാക്കിയത്. 'വീണ്ടും തുടരും, നമ്മള്‍ തുടരും' എന്ന് തുടങ്ങുന്ന ഗാനത്തോടെയാണ് പരസ്യം ആരംഭിക്കുന്നത്. 'സെറ്റല്ലേ…നമ്മളീ യാത്ര തുടരും' എന്ന ഭാവനയുടെ വാക്കുകളിലാണ് പരസ്യം അവസാനിക്കുന്നത്. പെണ്‍പോരാട്ടത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ 3.0 എന്ന ആശയത്തോടെയാണ് വനിതാ ദിനത്തില്‍ തന്നെ ഇത്തരമൊരു പരസ്യം പങ്കുവെച്ചിട്ടുള്ളത്.
പരസ്യ ചിത്രം നടി മഞ്ചു വാര്യരും പങ്കുവച്ചിട്ടുണ്ട്. പ്രിയപ്പെട്ട ഭാവന അഭിനയിച്ച പരസ്യം പങ്കുവയ്ക്കുന്നതിൽ സന്തോഷം എന്നാണ് മഞ്ചു വാര്യർ പറഞ്ഞത്. നേരത്തെ നടൻ മോഹൻലാൽ അഭിനയിച്ച കെഎസ്ആർടിസിയുടെ പരസ്യവും പുറത്തുവന്നിരുന്നു. മോഹൻലാൽ അഭിനയിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ഒന്നര മിനിറ്റ് ദൈർഘ്യമുള്ള കെഎസ്ആർടിസി പരസ്യചിത്രം മോഹൻലാൽ സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ഡിഎഫ് പ്രചാരണഗാനം പുറത്തിറക്കിയതും ശ്രദ്ധേയമായിരുന്നു. റാപ്പര്‍ വേടന്‍ ആലപിക്കുകയും അഭിനയിക്കുകയും ചെയ്ത ഗാനമാണ് പുറത്തിറക്കിയത്. 'കാത്തിരുന്ന കാലമേ…' എന്ന് തുടങ്ങുന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
വയനാട് ടൗണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കാണിച്ചും മത്സ്യത്തൊഴിലാളികള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിക്കൊണ്ടും ഉള്ളതാണ് ഗാനം. 'ഒന്നായി തുടരാം, നവകേരളത്തിലേക്ക്' എന്ന ടാഗ്‌ലൈനോടെയാണ് ഗാനം അവസാനിക്കുന്നത്. 2021ലും എല്‍ഡിഎഫ് പ്രചാരണഗാനം പുറത്തിറക്കിയിരുന്നു. ഗായിക സിത്താര കൃഷ്ണകുമാര്‍ ആലപിച്ച 'അന്തിവിണ്ണില്‍ അമ്പിളിക്കല' എന്ന ഗാനമായിരുന്നു അത്. ഇതിന് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്.