ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെടുത്ത കേസുകള്‍ എഴുതിത്തള്ളാന്‍ ഒരുങ്ങുന്നുവെന്ന വാർത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. കമ്മിറ്റി രൂപീകരിക്കാനിടയായ യഥാർഥ കാരണങ്ങളില്‍ ഇനി ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ എന്നാണ് പാർവതിയുടെ ചോദ്യം. കേസുകള്‍ അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു പാർവതിയുടെ പ്രതികരണം.
"ഇനി ഈ കമ്മിറ്റി രൂപീകരിക്കാനിടയായ ശരിയായ കാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമല്ലേ? സിനിമാ മേഖലയില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനായി നയങ്ങള്‍ രൂപീകരിക്കുക എന്നതായിരുന്നല്ലോ ലക്ഷ്യം? അതിനെന്തുപറ്റി? റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചര വർഷമല്ലേ ആയിട്ടുള്ളൂ, ഒരു തിരക്കുമില്ല," പാർവതി സമൂഹമാധ്യമത്തില്‍ കുറിച്ചു. മുഖ്യമന്ത്രിയെ ടാഗ് ചെയ്തായിരുന്നു പാർവതിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.
ഹേമാ കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയവരാരും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് കാട്ടിയാണ് പൊലീസ് കേസുകള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. നോട്ടീസിനും മറുപടി നല്‍കിയില്ലെങ്കില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി ഈ മാസം അവസാനം കോടതിയില്‍ അറിയിക്കും. എന്നാല്‍, പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസുകള്‍ തുടരാനാണ് പൊലീസിന്റെ തീരുമാനം.
റിപ്പോർട്ട് വന്നതിനു പിന്നാലെ രണ്ട് തരത്തിലാണ് പൊലീസ് കേസുകളെടുത്തത്. ഒന്ന്, നേരിട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍. രണ്ട്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിലും.ഇതില്‍ കമ്മിറ്റിയോട് ദുരനുഭവം വെളിപ്പെടുത്തിയവരെ പൊലീസ് പലതവണ വിളിച്ചെങ്കിലും ആരും മൊഴി നല്‍കാന്‍ തയ്യാറായില്ല. ആറ് വര്‍ഷം മുന്‍പാണ് ഹേമാ കമ്മിറ്റിക്ക് മുന്‍പാകെ മൊഴി നല്‍കിയതെന്നും അന്നത്തെ സാഹചര്യം മാറി, കേസിന് താല്‍പ്പര്യമില്ലെന്നുമാണ് പലരുടെയും മറുപടി.
മൊഴി ആവശ്യപ്പെട്ട് കോടതി വഴി പൊലീസ് നോട്ടീസ് അയച്ചിരുന്നു. അതിനും ആരും ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഈ മാസം അവസാനം വരെ നോക്കിയ ശേഷം മറുപടിയില്ലെങ്കില്‍ അന്വേഷണത്തിന് സാധ്യതയില്ലെന്ന് കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി, നടപടി പൂര്‍ത്തിയാക്കാനാണ് പൊലീസിന്‍റെ തീരുമാനം.